Breaking News

ചെന്നൈ സൂപ്പർ കിങ്സിലെ 12 അംഗങ്ങൾക്ക് കൊവിഡ്; ടീമിന്റെ ക്വാറന്റീൻ നീട്ടി

ഐപിഎൽ ക്ലബായ ചെന്നൈ സൂപ്പർ കിംഗ്സിലെ 12 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്. കൊവിഡ് ബാധിതരിൽ ഒരു താരവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്ലബിൻ്റെ ക്വാറൻ്റീൻ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ദുബായിലുള്ള ചെന്നൈ ടീം അംഗങ്ങൾ 7 ദിവസത്തെ ക്വാറൻ്റീൻ അവസാനിച്ച് ഇന്ന് പരിശീലനം തുടങ്ങാനിരുന്നതാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കൊവിഡ് സ്ഥിരീകരിച്ച താരങ്ങളുടെയോ മറ്റ് അംഗങ്ങളുടെയോ പേരുവിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല. ദുബായിൽ എത്തിയ ശേഷം ക്വാറൻ്റീൻ കാലയളവിനിടെ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് എല്ലാ താരങ്ങൾക്കും വീണ്ടും കൊവിഡ് പരിശോധന നടത്തും. നാളെ ഈ പരിശോധനകളുടെ ഫലം വരും. ഈ മാസം 21നാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം യുഎഇയിൽ എത്തിയത്.

അതേസമയം, അബുദാബിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ലീഗ് ഷെഡ്യൂൾ വൈകിപ്പിക്കുകയാണ്. അബുദാബിയിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ അവിടെ മത്സരങ്ങൾ നടത്തുക ബുദ്ധിമുട്ടാവും. അതുകൊണ്ട് അബുദാബിയിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ എണ്ണം കുറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. സിഎസ്കെ അംഗങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചത് വീണ്ടും ബിസിസിഐക്ക് തിരിച്ചടിയാകും.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

No comments