കേരളത്തിൽ 11755പേർക്ക് കോവിഡ്
കേരളത്തിൽ 11755പേർക്ക് കോവിഡ്. ഇന്ന് മാത്രം 23കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.സമ്പർക്കത്തിലൂടെ 10471പേർക്ക് കോവിഡ് 7570പേർ രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി. 10,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഒക്ടോബർ നവംബർ മാസങ്ങൾ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെയും മരണനിരക്കിനെയും സംബന്ധിച്ച് നിർണ്ണായകമാണെന്നും . കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനം നടത്തേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ടെസ്റ്റുകളുടെ എണ്ണം കൂട്ടി. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുന്നു. ഇത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ പകർച്ച വ്യാധി ശക്തമായി തുടരുന്നു. രോഗവ്യാപനം ഉച്ഛസ്ഥായിയിലെത്തുന്നത് വൈകിപ്പിക്കാൻ കേരളത്തിന് സാധിച്ചു. രോഗവ്യാപന തോത് പിടിച്ചുനിർത്തിയതിലൂടെ അടിസ്ഥാന സൗകര്യമൊരുക്കാൻ സാധിച്ചു. ആരോഗ്യ സംവിധാനം ശക്തമാക്കാനും സാവകാശം കിട്ടി.
തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ പ്രാഥമിക ചികിത്സ കേന്ദ്രവും പതിനായിരക്കണക്കിന് ബെഡ്, ലാബ്, കൊവിഡ് ആശുപത്രികൾ എല്ലാം ഉണ്ട്. കൃത്യമായ ആസൂത്രണം നടന്നു. രോഗികളെ ചികിത്സിക്കാൻ സൗകര്യമൊരുക്കി. മരണം കുറയാൻ കാരണം ആസൂത്രണ മികവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണ ബോധവും അധ്വാനവുമാണ്.
മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകൾ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീർഘിപ്പിച്ചതും അതിനിടയിൽ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണ്.

No comments