Breaking News

‘ലോറി ജീവിത മാര്‍ഗമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ബലിയാടാക്കരുത്’; അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ തട്ടിയ ലോറി ഡ്രൈവര്‍


മലപ്പുറം: മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ ബ്രേക്ക് ചെയ്‌തെങ്കിലും മഴയുണ്ടായതിനാല്‍ വണ്ടി നില്‍ക്കാത്തതിനാല്‍ തെങ്ങിനീങ്ങി കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ തട്ടിയ ലോറി ഡ്രൈവര്‍ മുഹമ്മദ് സുഹൈല്‍. കാറിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടിയാണെന്ന് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും സുഹൈ പറഞ്ഞു.

ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കത്ത് മുഹമ്മദ് സുഹൈല്‍ മരാമത്ത് റോഡിന്റെ പണിക്കുള്ള ക്വാറി വേസ്റ്റ് ആലത്തിയൂരില്‍ ഇറക്കി വരുമ്പോഴാണ് അപകടം നടന്നത്.

രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോള്‍ മുന്‍പില്‍ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. കണ്ടയുടന്‍ ബ്രേക്ക് ചെയ്‌തെങ്കിലും മഴയുണ്ടായിരുന്നത് കാരണം വണ്ടി നിന്നില്ല. തെന്നിനീങ്ങി മുന്‍പിലെ കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് സുഹൈല്‍ പറഞ്ഞു.

അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചിരുന്നു. വണ്ടിക്ക് കേടുപറ്റിയതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു. പിന്നീടാണ് പൊലീസ് എത്തിയതും സ്റ്റേഷനില്‍ ചെന്നതും. അപകടത്ത് നടന്ന സംസാരങ്ങള്‍ക്കിടയിലൊന്നും അബ്ദുള്ളക്കുട്ടി ഇടപെട്ടിരുന്നില്ലെന്നും സുഹൈല്‍ പറഞ്ഞു.

വെളിയങ്കോട്ടെ സംഭവത്തെ കുറിച്ച് അറിയില്ല. ഗൂഢാലോചന ആരോപിച്ചതോടെ വണ്ടി സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ലോറി ജീവിത മാര്‍ഗമാണ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ബലിയാടാക്കരുതെന്നും സുഹൈല്‍ പറഞ്ഞു.

No comments