ബി.ജെ.പിയില്‍ പോര് മുറുകുന്നൂ, കെ സുരേന്ദ്രന്റെ പ്രവര്‍ത്തന രീതികളില്‍ അതൃപ്തി; മേഖല യോഗങ്ങള്‍ ബഹിഷ്‌കരിച്ച് മുതിർന്ന നേതാക്കൾ
ബി.ജെ.പി സംസ്ഥാന ഘടകത്തിലെ കലഹം മൂര്‍ച്ഛിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച മേഖല യോഗങ്ങള്‍ ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരിച്ചു. വി മുരളീധര പക്ഷത്ത് നിന്നുള്ള ഭാരവാഹികള്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ കൃത്യമായി പരിഗണന ലഭിക്കുന്നുള്ളൂവെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. മുന്‍ സംസ്ഥാന പ്രസിഡന്റുമാരടക്കം കെ സുരേന്ദ്രന്റെ പ്രവര്‍ത്തന രീതികളില്‍ അതൃപ്തരാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ എം.ടി രമേശിനെ നിര്‍ണായക ഘട്ടങ്ങളില്‍ കെ സുരേന്ദ്രന്‍ പക്ഷം തഴയുന്നുവെന്ന വിമര്‍ശനം കൃഷ്ണദാസ് പക്ഷത്തിനുണ്ട്.
കോട്ടയത്തും തൃശൂരിലുമായിരുന്നു മേഖലായോഗങ്ങള്‍. നേതൃത്വവുമായി കലഹിച്ച് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ ഇത്തവണയും യോഗത്തിന് എത്തിയില്ല. ഒപ്പം എ.എന്‍ രാധാകൃഷ്ണനും സി.കെ പത്മനാഭനും വിട്ടു നിന്നതും പാര്‍ട്ടിയില്‍ തുടരുന്ന കലഹത്തിന്റെ തെളിവായി മാറി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വിവിധ ജില്ലകളുടെ ചുമതല സംസ്ഥാന ഭാരവാഹികള്‍ക്കാണ്. അതുകൊണ്ട് തന്നെ ഒരു വിഭാഗത്തിന്റെ അതൃപ്തി മുന്നൊരുക്കങ്ങളെ പിന്നോട്ട് വലിക്കുന്നു.
കുമ്മനം രാജശേഖരനെ പോലുള്ള മുതിര്‍ന്ന നേതാവിനെ ദേശീയ ഭാരവാഹിയാക്കാതെ അബ്ദുള്ളകുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയത് വി മുരളീധരന്റെ നീക്കങ്ങളാണെന്നും മറുപക്ഷം കുറ്റപ്പെടുത്തുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, സി.കെ പത്മനാഭന്‍, കെ.വി ശ്രീധരന്‍മാഷ് തുടങ്ങിയ നീണ്ട നിര നേതാക്കളാണ് അതൃപ്തരായി നിലകൊള്ളന്നത്. ഇതിന് പുറമേ കെ സുരേന്ദ്രന്‍ വിഭാഗത്തിന്റെ ഏകപക്ഷീയ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിനും എതിര്‍പ്പുണ്ട്. ജോര്‍ജ്ജ് കുര്യനടക്കമുള്ള വി മുരളീധരപക്ഷത്ത് നിലയുറപ്പിച്ച നേതാക്കളില്‍ ചിലര്‍ക്കെതിരെ മറുപക്ഷം ദേശീയ നേതൃത്വത്തിനും പരാതി നല്‍കി കഴിഞ്ഞു.

No comments