വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ധാരണ പറ്റില്ല; തീരുമാനം പ്രഖ്യാപിച്ചില്ലെങ്കില്‍ നിലപാട് കടുപ്പിക്കുമെന്ന് സമസ്ത യുവജന വിഭാഗം
വെല്‍ഫെയര്‍പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ സമസ്തയുടെ യുവജന വിഭാഗം. ഇക്കാര്യത്തിലെ പ്രതിഷേധം എസ് വൈ എസ് മുന്നണി നേതൃത്വത്തെ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ മതേതര പാരമ്പര്യത്തിനും സമസ്ത-ലീഗ് വിരുദ്ധമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
പാണക്കാടെത്തി സുന്നി നേതാക്കള്‍ ലീഗ് നേതൃത്വത്തെ കണ്ട് വിയോജിപ്പറിയിക്കുകയായിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് ഹൈദരലി തങ്ങളെയും എസ് വൈ എസ് നേതാക്കള്‍ കണ്ടു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന കാര്യത്തില്‍ വെള്ളിയാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകണം. തുടര്‍ന്ന് ലീഗോ കോണ്‍ഗ്രസോ ഇതില്‍ പ്രഖ്യാപനം നടത്തണം എന്നിങ്ങനെ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് എസ് വൈ എസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
യുഡിഎഫ് കണ്‍വീനര്‍ എംഎംോ ഹസ്സന്‍ ജമാഅത്ത് അമീരിനെ കണ്ടതിലും എസ് വൈ എസ് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അമീറുമായി നടത്തിയത് മുന്നണിയുടെ നേതൃത്വത്തിലേക്ക് പുതുതായി ചുംതലയേറ്റെടുത്തപ്പോള്‍ മതനേതാക്കളുമായി നടത്തിയ സൗഹൃദ ചര്‍ച്ച മാത്രമാണെന്നായിരുന്നു. എന്നാല്‍, അതിന് രാഷ്ട്രീയ മാനങ്ങളുണ്ടെന്നും കോണ്‍ഗ്രസ് ജമാഅത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നു എന്നതിന്റെ സൂചനകളാണ് നല്‍കുന്നതെന്നും എസ് വൈ എസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമസ്ത നേതാക്കളടക്കം നിലപാട് കടുപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

No comments