നീണ്ട കാത്തിരിപ്പിനൊടുവിൽ സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിലേക്ക്; സഞ്ജുവിനും സാധ്യത
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ മുംബൈ ഇന്ത്യൻസിൻ്റെ മധ്യനിര ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നു. ഐപിഎൽ സീസണിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് ഫിനിഷർ റോളിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
രോഹിത്, ധവാൻ, രാഹുൽ, കോലി എന്നിവർ ടീമിലേക്ക് ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കപ്പെടും. ശ്രേയാസ് അയ്യരും ഏറെക്കുറെ ഉറപ്പാണ്. ആറാം നമ്പറിൽ മനീഷ് പാണ്ഡെ, സൂര്യകുമാർ എന്നിവരെയാണ് സെലക്ടർമാർ പരിഗണിക്കുന്നത്. ഋഷഭ് പന്തിൻ്റെ അസ്ഥിരതയും സൂര്യകുമാറിനു നറുക്ക് വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ്. “കഴിഞ്ഞ മൂന്ന് വർഷമായി സൂര്യ സ്ഥിരതയോടെ പ്രകടനം നടത്തുന്നുണ്ട്. ഋഷഭ് പന്തിനു സ്ഥിരതയുണ്ടായിരുന്നു എങ്കിൽ ഒട്ടേറെ പ്രശ്നങ്ങൾ പരിഗണിക്കപ്പെട്ടേനെ. എന്നാൽ, വിക്കറ്റ് കീപ്പർ എന്ന നിലയിൽ രാഹുൽ അവസരങ്ങൾ മുതലെടുക്കുമ്പോൾ അത് സൂര്യകുമാറിനു മുന്നിൽ വാതിലുകൾ തുറക്കുകയാണ്.”
ഹർദ്ദിക് പാണ്ഡ്യ പന്ത് എറിയാത്തതു കൊണ്ട് തന്നെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി പാണ്ഡ്യയെ ടീമിലെടുക്കാൻ ഇടയില്ലെന്നും പ്രസാദ് പറഞ്ഞു. വിജയ് ശങ്കർ, ശിവം ദുബേ എന്നീ ഓപ്ഷനുകൾ ഉള്ളതുകൊണ്ട് പാണ്ഡ്യ പുറത്തിരിക്കാനിടയുണ്ട്. സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവും ശുഭ്മൻ ഗില്ലും മുൻനിരയിലാണ് ബാറ്റ് ചെയ്യേണ്ടതെന്നും പ്രസാദ് കൂട്ടിച്ചേർത്തു.
No comments