പരീക്ഷപ്പേടിയിൽ തട്ടിക്കൊണ്ടുപോയെന്ന് കഥമെനഞ്ഞ് പെണ്‍കുട്ടി; നെട്ടോട്ടമോടി പോലീസ്
തൊടുപുഴ: വാഴക്കുളത്തുനിന്ന് തൊടുപുഴ ന്യൂമാൻ കോളേജിൽ പരീക്ഷയെഴുതാൻ വന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെ തുടർന്ന് വട്ടംകറങ്ങി പോലീസ്. ചൊവ്വാഴ്ച രണ്ട് മണിയോടെയായിരുന്നു സംഭവം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സി.എ. പരീക്ഷയെഴുതാനെത്തിയതായിരുന്നു പെൺകുട്ടി.
പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ പെൺകുട്ടി ബന്ധുവിനെ ഫോണിൽ വിളിച്ചു. ആരോ തന്നെ തട്ടിക്കൊണ്ടുപോയെന്നും കൈത്തണ്ടയിൽ മുറിവുണ്ടാക്കിയശേഷം പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ മെഡിക്കൽ കോളേജിന് സമീപം ഉപേക്ഷിച്ചെന്നും അറിയിച്ചു.
ബന്ധു ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതറിഞ്ഞതുമുതൽ തൊടുപുഴ എസ്.ഐ. ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി തൊടുപുഴയിലെമ്പാടും പരക്കംപാഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. സംഗതി പന്തിയല്ലെന്ന് കണ്ട പെൺകുട്ടി ഒടുവിൽ അമ്മയോട് സത്യം പറഞ്ഞു. പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്ന് പെൺകുട്ടി സ്വയം ഉണ്ടാക്കിയതായിരുന്നു തട്ടിക്കൊണ്ടുപോകൽ കഥ. കൈത്തണ്ട സ്വയം മുറിച്ചതാണെന്നും പെൺകുട്ടി സമ്മതിച്ചു.

No comments