Breaking News

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ക്ക് യുഎഇയുടെ ആദരം: ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും


ദുബായ്: മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

അബുദാബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വെച്ചാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറിയത്. മുഹമ്മദ് അലി സൊറഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്പോര്‍ട്ട് കൈമാറിയത്.

മലയാള സിനിമയ്ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. സിനിമാ നിര്‍മ്മാണത്തിന് പിന്തുണ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

യുഎഇ സര്‍ക്കാറിന്റെ ആദരവ്, സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മമ്മൂട്ടി, മലയാളികള്‍ തങ്ങള്‍ക്ക് നല്‍കിയ അംഗീകാരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി പ്രയത്‌നിച്ച എംഎ യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു. വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിക്കൊപ്പമാണ് വിസ സ്വീകരിക്കാനായി ഇരുവരും എത്തിയത്.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യുഎഇ ആരംഭിച്ചത്.

നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

No comments