Breaking News

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കാണിക്കാന്‍ 51,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം രോഗിയെ സന്ദര്‍ശിക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി മരിച്ചതായും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയതായും കുടുംബാംഗങ്ങള്‍ അറിയുന്നത്..



കൊൽക്കത്ത: കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയെ കാണുന്നതിനായി മകനിൽനിന്നു 51,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം. പശ്ചിമ ബംഗാളിലാണ് സംഭവം. ഞാറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കോവിഡ് 19 ബാധിച്ച് ഹരി ഗുപ്ത എന്നയാൾ മരിക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിയിലാണ് ഹരിഗുപ്തയെ ചികിത്സിച്ചിരുന്നത്. എന്നാൽ മരണവിവരം കുടുംബാംഗങ്ങളെ ആശുപത്രി അധികൃതർ അറിയിച്ചില്ലെന്ന് ഹരി ഗുപ്തയുടെ മകൻ സാഗർ ഗുപ്ത ആരോപിച്ചു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുളള നമ്പർ തങ്ങളുടെ പക്കലുണ്ടായിരുന്നില്ലെന്നാണ് ഇതേകുറിച്ച് ചോദിച്ചപ്പോൾ ആശുപത്രിയിൽ നിന്ന് ലഭിച്ച പ്രതികരണമെന്നും സാഗർ ആരോപിക്കുന്നു.

രോഗിയെ സന്ദർശിക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി മരിച്ചതായും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയതായും കുടുംബാംഗങ്ങൾ അറിയുന്നത്. ഉടൻ ശിവ്പുർ ശ്മശാനത്തിലെത്തിയ കുടുംബാംഗങ്ങളോട് മൃതദേഹം കാണണമെങ്കിൽ 51,000 രൂപ അടയ്ക്കണമെന്ന് മൃതദേഹം സംസ്കരിക്കാനായി ചുമതലപ്പെടുത്തിയവർ ആവശ്യപ്പെട്ടു. ഇത് കുടുംബാഗംങ്ങൾ എതിർത്തതോടെ തുക 31,000 ആയി കുറച്ചു.

പണം അടയ്ക്കാൻ നിർവാഹമില്ലാതിരുന്ന കുടുംബം ഒടുവിൽ പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സംസ്കരിക്കാൻ ചുമതലപ്പെടുത്തിയവർ പോലീസിന്റെ നിർദേശവും അനുസരിക്കാൻ തയ്യാറായില്ല. ഉന്നതോദ്യോഗസ്ഥരുടെ അനുമതി വാങ്ങിവരുന്നതിനായി ഇവർ പോലീസിനോട് ആവശ്യപ്പെട്ടുവെന്നാണ് ഹരി ഗുപ്തയുടെ കുടുംബം ആരോപിക്കുന്നത്.

ഒടുവിൽ കുടുംബാംഗങ്ങളെ ആരേയും കാണിക്കാതെ തന്നെ മൃതദേഹം മറവുചെയ്തു. കുടുംബാഗങ്ങളുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതർ ആവർത്തിക്കുകയാണ്.

No comments