Breaking News

ചിറകരിയാനുള്ള ശ്രമം തുടങ്ങി, വലിയ വിമാനങ്ങൾക്ക് കരിപ്പൂരില്‍ വിലക്ക്; എയർ ഇന്ത്യ ജംബോ സർവീസും താത്‌കാലികമായി പിൻവലിച്ചു


 കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ ലാൻഡിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതേത്തുടർന്ന് ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് സർവീസ് നടത്തേണ്ട സൗദി എയർലൈൻസ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു.
എയർ ഇന്ത്യ ജംബോ സർവീസും താത്‌കാലികമായി പിൻവലിച്ചു.

എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐ.എക്സ്. 344 വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്നാണ് ഡി.ജി.സി.എ.യുടെ പുതിയ തീരുമാനം. സൗദി എയർലൈൻസിന് സർവീസ് താത്‌കാലികമായി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഡി.ജി.സി.എ. വാക്കാൽ നിർദേശം നൽകുകയായിരുന്നു.

വലിയ വിമാനങ്ങൾ വരാതാകും.

അപകടത്തെത്തുടർന്ന് കോഴിക്കോട് സുരക്ഷിതമല്ലെന്ന് വരുത്തിത്തീർത്ത് വലിയ വിമാനങ്ങൾക്കു തടയിടാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞദിവസമാണ് ഖത്തർ എയർവേസിന്റെ വലിയ വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകിയത്. ഇവർ ഒരുക്കം ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കം. എയർ ഇന്ത്യ, ഇത്തിഹാദ്, സൗദി എയർ, ഖത്തർ എയർവേസ്‌ എന്നിവർക്കാണ് കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചത്. നിലവിൽ സൗദി എയർലൈൻസ് മാത്രമാണ് വലിയ വിമാനങ്ങളുടെ സർവീസ് നടത്തുന്നത്.

തീരുമാനം നടപ്പാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പ് ചോദ്യംചെയ്യുന്ന തരത്തിൽ വലിയ വിമാനങ്ങൾക്ക് കളംവിടേണ്ടിവരുമെന്ന് ആശങ്കയുണ്ട്.

No comments