Breaking News

വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണം ;സമസ്ത.


തേഞ്ഞിപ്പലം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസ്സാക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സാമൂഹികവും സാംസ്‌കാരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കിടയാവുമെന്ന് നിര്‍വാഹക സമിതി യോഗം ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ജനാധിപത്യ-മതേതര മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പാരമ്പര്യം നിരാകരിക്കുന്നതാണ് പുതിയ നയം. വിക്‌ടേഴ്​സ്​ ചാനല്‍ വഴി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി.

ഇതോടെ സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 10269 ആയി. ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ പല്ലേടപടപ്പ്, മഞ്ചേശ്വരം (കാസര്‍കോട്​), എം.ഐ.സി മദ്‌റസ കൊണ്ടിപറമ്പ്, പള്ളിപ്പടി (മലപ്പുറം), നുസ്‌റത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ പാലിശ്ശേരി (തൃശ്ശൂര്‍) എന്നിവക്കാണ് അംഗീകാരം.

മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്​ദുറഹ്മാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍.എ.എം. അബ്​ദുൽ ഖാദിര്‍, എം.സി. മായിന്‍ഹാജി, കെ.എം. അബ​ദുല്ല മാസ്​റ്റര്‍ കൊട്ടപ്പുറം, അബ്​ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്​ദുസമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മായിൽ കുഞ്ഞുഹാജി മാന്നാര്‍ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്​ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി നന്ദിയും പറഞ്ഞു.

No comments