സ്‌കൂളുകള്‍ അടച്ചിട്ടതും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതും വളരെ ഗുണകരമായി എന്ന നമുക്ക് തോന്നാം. പക്ഷെ കൂട്ടിലകപ്പെട്ട പക്ഷികളേപ്പോലെയായി പല കുട്ടികളും. അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ആരാണ് പരിഹാരം കാണുക?
ലോക്ഡൗണിനു ശേഷം രാജ്യം പഴയ അവസ്ഥയിലേക്ക് തിരികെ വരികയാണ്. പെട്ടെന്നൊരു ദിവസം നിലച്ച തൊഴിലുകളിലേക്ക് മിക്കവരും മടങ്ങിയെത്തി. എന്നാൽ അന്ന് നഷ്ടപ്പെട്ട തൊഴിൽ തിരികെ ലഭിക്കാതെ വലയുന്ന ഒരു വിഭാഗമുണ്ട്. അൺ എയ്ഡഡ് സ്കൂളിലെ അധ്യാപകർ.
ഓൺലൈൻ വിദ്യാഭ്യാസം വന്നതോടെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരേക്കാൾ വെട്ടിലായത് അൺ എയ്ഡഡ് മേഖലയിലെ അധ്യാപകരാണ്. പലർക്കും സ്കൂളുകൾ അടഞ്ഞതോടെ തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലായി. വരുമാനമില്ലാതെ എങ്ങനെ പിടിച്ചുനിൽക്കാൻ സാധിക്കും. പലരും ലോക്ഡൗൺ മാറ്റിയതോടെ കുറച്ച് വിദ്യാർഥികളെ ട്യൂഷൻ എടുത്ത് അതിജീവനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനം പലയിടങ്ങളിലും രൂക്ഷമായതോടെ കുട്ടികളെ ട്യൂഷനു വിടാനും രക്ഷിതാക്കൾക്കു മടിയായി.
ഓൺലൈൻ ക്ലാസുകൾ നടത്താൻ ചില അൺ എയ്ഡഡ് സ്കൂളുകൾ അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. ഇത്തരത്തിൽ പരിശീലനം ലഭിച്ച ചുരുക്കം ചില അധ്യാപകർക്ക് ഇപ്പോൾ ജോലിയുണ്ട്. എന്നാൽ പലർക്കും ശമ്പളം നേർപകുതിയാണ്. തൊഴിലില്ലാതായ അൺ എയ്ഡഡ് സ്കൂൾ അധ്യാപകരെ സഹായിക്കാനും സർക്കാർ തയ്യാറാകേണ്ടതുണ്ടെന്നാണ് ഇവരുടെ ആവശ്യം.
കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒന്നാണ് യുണിസെഫ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടന. ഇവർ നൽകുന്ന വിവരങ്ങൾ പ്രകാരം തുടർച്ചയായി അ രമണിക്കൂർ നേരമാണ് മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള സുരക്ഷിതമായ സമയം. അതനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്ന അധ്യാപകർ ഓരോ അര മണിക്കൂർ കഴിയുമ്പോഴും പരമാവധി കുട്ടികളെ സ്ക്രീനിൽനിന്ന് കണ്ണുകൾ മാറ്റാനും ദുരേക്കോ കൂടുതൽ പച്ചപ്പ് കാണുന്ന സ്ഥലങ്ങളിലേക്കോ നോക്കാൻ ആവശ്യപ്പെടുകയും വേണം.
നിലവിലെ സാഹചര്യത്തിൽ ഈ ഇടവേള പാലിക്കാൻ പലപ്പോഴും സാധിച്ചെന്ന് വരില്ല. എന്നാൽ കുട്ടികളുടെ ആരോഗ്യത്തെ മുൻനിർത്തി ഇത് നിർബന്ധമായും നടപ്പിലാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
മെബൈൽ, ടാബ്ലെറ്റ്, കംപ്യൂട്ടർ തുടങ്ങിയവയിൽനിന്ന് ചുറ്റുപാടിലുമുള്ളതിനേക്കാൾ കൂടുതൽ പ്രകാശം കണ്ണുകളിലെത്തുന്നു. ഇതിൽ കണ്ണിന് ഏറെ ദോഷമുണ്ടാക്കുന്ന നീലപ്രകാശമാണ് കൂടുതലും. നേത്രപടലം വരളുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടാകും. ഇത് മറികടക്കാൻ അര മണിക്കൂർ നേരം കൂടുമ്പോൾ കുട്ടികൾക്ക് ചെറിയൊരു ഇടവേള നൽകണമെന്നാണ് നിർദ്ദേശിക്കപ്പെടുന്നത്.
മെബൈൽ ഫോണിൽ കുട്ടികളെ ആകർഷിക്കുന്നത് സോഷ്യൽ മീഡിയ, വീഡിയോ ഷെയറിങ് ആപ്പുകൾ, ഗെയിമിങ് ആപ്പുകൾ തുടങ്ങിയവയാണ്. കൃത്യ ഇടവേളകളിൽ അതിൽ കയറാനും തങ്ങൾക്കിഷ്ടപ്പെട്ടവ ചെയ്യാനും സാധിക്കാതെ വരുന്നത് കുട്ടികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് നിലവിൽ വീടുകളിൽ ഇരിക്കുന്ന കുട്ടികളുടെ വാശിയും മറ്റും ഒഴിവാക്കാൻ മൊബൈലും മറ്റും കൈയിൽ കൊടുക്കുന്നത് വഴി ഈ പ്രശ്നത്തെ വളർത്തി വലുതാക്കുകയാണ് രക്ഷിതാക്കൾ ചെയ്യുന്നത്.

No comments