സൈബർ പോലീസെന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
പാലോട്: സൈബർ പോലീസ് എന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളെ കബളിപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നന്ദിയോട് പൗവത്തുർ സ്മിതാഭവനിൽ കെ.ദീപുകൃഷ്ണൻ (36)ആണ് അറസ്റ്റിലായത്.
പാലോട് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മൂന്നു മാസക്കാലമായി സൈബർസെൽ പോലീസുദ്യോഗസ്ഥൻ എന്ന വ്യാജേന സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തിയിരുന്ന ഇയാൾ മോശമായി പെരുമാറിയതായി നിരവധി പരാതികൾ പോലീസിന് ലഭിച്ചു. തുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി. ജെ.ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
സ്ത്രീകൾ താമസിക്കുന്ന വീടുകളിലെത്തി സൈബർസെൽ ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തും. സ്ത്രീകളുടെ നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും മറ്റും യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അതിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിനാണ് താൻ വന്നതെന്നും അറിയിക്കും. ഇതിനായി ശരീരത്തിന്റെ അളവുകൾ എടുക്കണമെന്ന് ആവശ്യപ്പെടും. ഇതിനു മുൻപ് ഒരു സമ്മതപത്രം സ്ത്രീകളിൽനിന്ന് ഇയാൾ എഴുതിവാങ്ങും. അളവുകൾ എടുക്കുന്നതിനിടയ്ക്ക് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു ഇയാളുടെ രീതി. പോലീസുദ്യോഗസ്ഥനെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. മാസ്ക് ധരിച്ച് മാന്യമായ വേഷവിധാനത്തിലാണ് ഇയാൾ വീടുകളിൽ എത്തിയിരുന്നത്.
ഈ മാസം നാലിന് പാലോട് സ്വദേശിനി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് പാലോട് സി.ഐ. മനോജിന്റെ നേതൃത്വത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി ഇയാൾ എത്തിയ വീടുകളിൽ പരിശോധനയ്ക്ക് നൽകി. കൂടാതെ 2500 ഓളം ഫോൺവിളികളും പരിശോധിച്ചു. പ്രതി എത്തിയ വീടുകളുടെ എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ഇയാളുടെ വാഹനം കണ്ടെത്താനായി. പോലീസ് തന്റെ പിന്നാലെയുണ്ടെന്നറിഞ്ഞ് ദീപുകൃഷ്ണൻ ഒളിവിൽപ്പോയി. തുടർന്ന് റൂറൽ സൈബർസെല്ലിന്റെ സഹായത്തോടെ തമ്പാനൂരിലുള്ള ഒരു ലോഡ്ജിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ താമസിക്കുന്നതിനിടെ കരമന, മെഡിക്കൽകോളേജ് സ്റ്റേഷൻ പരിധിയിലും സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിരുന്നു. പത്തു വർഷക്കാലമായി വിദേശത്തായിരുന്ന പ്രതി അവിടെയും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

No comments