Breaking News

മരണ ഗ്രൂപ്പില്‍ നിന്ന് ഹംഗറി പുറത്ത്; ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍; ക്രിസ്റ്റാനോ ലോക റെക്കോർഡിനൊപ്പം


ബുദാപെസ്റ്റ്: യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. അതേസമയം ഹംഗറി ഇതേ സ്‌കോറിന് ജര്‍മനിയെ സമനിലയില്‍ തളച്ചു. ഗ്രൂപ്പ് ചാംപ്യന്‍മാരായിട്ടാണ് ഫ്രാന്‍സ് അവസാന പതിനാറിലെത്തിയത്. ജര്‍മനി രണ്ടാം സ്ഥാനക്കാരയപ്പോള്‍ പോര്‍ച്ചുഗല്‍ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമായി. 

ഇരട്ട ഗോളുമായി ബെന്‍സേമയും ക്രിസ്റ്റിയാനോയും. ഫ്രാൻസിനെതിരായ രണ്ട് ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോ, ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകളെന്ന റെക്കോർഡിൽ (109) ഇറാൻ ഇതിഹാസം അലിദേയിക്കൊപ്പമെത്തി.

ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്.  ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് പോര്‍ച്ചുഗീസ് മധ്യനിര താരം ഡാനിലോ പെരേരയെ കൈകൊണ്ട് തലയ്ക്ക് ഇടിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍ 1-0. 

ഫ്രാന്‍സിന്റെ മറുപടി ഗോള്‍ മറ്റൊരു പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. കെയ്‌ലിയന്‍ എംബാപ്പയെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ബെന്‍സേമ പന്ത് ഗോള്‍വര കടത്തുകയും ചെയ്തു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കകം ഫ്രാന്‍സ് മുന്നിലത്തി. പോള്‍ പോഗ്ബയുടെ ത്രൂബോള്‍ ബെന്‍സേമ പോര്‍ച്ചുഗീസ് വലയില്‍ അടിച്ചുകയറ്റുകയായിരുന്നു.

60-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സമനില ഗോളെത്തി. ഇത്തവണയും പെനാല്‍റ്റിയാണ് പോര്‍ച്ചുഗലിനെ തുണച്ചത്. ഫ്രഞ്ച് പ്രതിരോധതാരം ജുലെസ് കൗണ്ടെയുടെ കയ്യില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. റൊണാള്‍ഡോ ഒരിക്കല്‍കൂടി വല കുലുക്കി. ഇതോടെ മത്സരം 2-2ല്‍ അവസാനിച്ചു. 

ജര്‍മനി കടന്നുകൂടി 

ഹംഗറിക്കെതിരെ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് ഹംഗറി സമനില വഴങ്ങിയത്. 11-ാം മിനിറ്റില്‍ ആഡം സലൈയുടെ ഗോളില്‍ ഹംഗറി മുന്നിലെത്തി. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താന്‍ ഹംഗറിക്കായി. 66-ാം മിനിറ്റിലാണ് ജര്‍മനി തിരിച്ചടിക്കുന്നത്. കയ് ഹാവെര്‍ട്‌സാണ് ഗോള്‍ നേടിയത്. എന്നാല്‍ രണ്ട മിനിറ്റുകള്‍ക്കകം ഹംഗറി രണ്ടാം ഗോളും നേടി. ആന്ദ്രാസ് ഷഫറാണ് ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ ലിയോണ്‍ ഗൊരട്‌സകയിലൂടെ ജര്‍മനി ഹംഗറിയുടെ വഴിയടിച്ചു.

No comments