Breaking News

ദില്ലി പൊലീസിന് തിരിച്ചടി; കലാപക്കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കളെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

 

ദില്ലി: ദില്ലി കലാപക്കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കാൻ കോടതി ഉത്തരവ്. വിചാരണക്കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 15 നാണ് ദില്ലി ഹൈക്കോടതി കേസിലെ പ്രതികളായ ദേവംഗന കലിത, നടാഷാ നർവാൾ, ആസിഫ് എന്നിവർക്ക് ജാമ്യം നൽകിയത്. എന്നാൽ ജാമ്യം കിട്ടി ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും ജയിൽ മോചിതരാകാൻ കഴിയാതെ വന്നതോടെ ഇവർ ഹൈക്കോടതിയെ വീണ്ടും സമീപിച്ചിക്കുകയായിരുന്നു.

പ്രതികളുടെ വിലാസം, ആധാർ വെരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നതിനാലാണ് മോചനം വൈകുന്നതെന്നായിരുന്നു പൊലീസ് നിലപാട്. ഹർജി പരിഗണിച്ച ഹൈക്കോടതി തങ്ങളുടെ ഉത്തരവ് ഉടൻ പ്രാബ്യലത്തിലാക്കണമെന്ന് പറഞ്ഞു. തുടർന്ന് പൊലീസ് ഉന്നയിക്കുന്ന സാങ്കേതിക വിഷയങ്ങൾ പരിഗണിക്കാനും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനും വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തുടർന്ന് സമയം നീട്ടി നൽകണമെന്ന പൊലീസ് ആവശ്യം തള്ളിയ വിചാരണക്കോടതി മൂന്ന് പേരെയും ഉടൻ മോചിപ്പിക്കാനുള്ള ഉത്തരവ് തീഹാർ ജയിൽ അധികൃതർക്ക് കൈമാറി. 

നേരത്തെ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിധി വരുന്നത് വരെ പ്രതികളെ ജയിലിൽ വെക്കാനുള്ള പൊലീസ് നീക്കമാണ് ഇതോടെ പാളിയത്. പ്രതികൾകൾക്ക് ജാമ്യം നൽകിയ ഉത്തരവിൽ യുഎപിഎ ദുരുപയോഗം ചെയ്യുന്നതിനെതിരെ ദില്ലി ഹൈക്കോടതി ആഞ്ഞടിച്ചിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ഭീകരവാദമല്ലെന്നും യുഎപിഎ ദുരുപയോഗം പാര്‍ലമെന്‍റിന്‍റെ സദുദ്ദേശത്തെ അട്ടിമറിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

No comments