Breaking News

എന്താണ് 144 ? സംസ്ഥാനത്ത് ഇന്ന് മുതൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം ? കാസർകോട് ജില്ലയിലെ നിയന്ത്രണങ്ങൾ

 കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ 144, അഥവാ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ നമ്മുടേയെല്ലാം മനസിൽ നിരവധി സംശയങ്ങൾ ഉദിക്കും. എന്താണ് 144 ? എന്തൊക്കെ മാറ്റങ്ങളാണ് ഇത് കൊണ്ടുവരുന്നത് ?

എന്താണ് 144 ?

ബ്രിട്ടീഷ് കാലഘട്ടം മുതൽ തുടർന്ന് പോരുന്ന ഒരു നടപടിയാണ് സി.ആർ.പി.സി യിലെ സെക്ഷൻ 144 അഥവാ നിരോധനാജ്ഞ. ഒരു ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇവർക്കാണ് 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം ഉള്ളത്. മനുഷ്യ ജീവിതത്തിനോ സ്വത്തിനോ കേടുപാടുകൾ വരുത്തുന്നതോ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതോ ആയ സാഹചര്യങ്ങൾ, പ്രധാനമായും കലാപം, പ്രക്ഷോഭം, പകർച്ചവ്യാധികൾ തുടങ്ങിയ അനിയന്ത്രിത സാഹചര്യങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും.

നിരോധനാജ്ഞ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള സമ്മേളനത്തിനും ഒത്തുകൂടലിനും ഉള്ള മൗലിക അവകാശങ്ങളെ വിലക്കുന്നു. 144 പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്. വേണമെങ്കിൽ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപെടുത്താവുന്നതാണ്.

നിരോധനാജ്ഞ ഏതൊക്കെ ജില്ലകളിൽ ?

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്, കണ്ണൂർ എന്നിങ്ങനെ 14 ദില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ

കാസർഗോഡ് ജില്ലയിൽ ഒക്ടോബർ 2 രാത്രി 12 മുതൽ ഒക്ടോബർ 9 ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ മുഴുവൻ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുകയും മുഖാവരണം (മാസ്‌ക്) ശരിയായ രീതിയിൽ ധരിക്കുകയും കൊവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കുകയുംവേണം. 

വിവാഹത്തിൽ പരമാവധി 50 പേർക്കും മരണം , മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം

ഔദ്യോഗിക പരിപാടികൾ, മതപരമായ വിവിധ ചടങ്ങുകൾ, പ്രാർത്ഥനകൾ, രാഷ്ട്രീയ കക്ഷി യോഗങ്ങൾ സാംസ്‌കാരികസാമൂഹിക പൊതു യോഗങ്ങൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ അനുമതി നൽകൂ.

പൊതു ഇടങ്ങൾ, ബസ് സ്റ്റാന്റുകൾ, പൊതു ഗതാഗത സംവിധാനം, ഓഫീസുകൾ, തൊഴിൽ ഇടങ്ങൾ, കടകൾ, മറ്റു വാണിജ്യവ്യാപാര സ്ഥാപനങ്ങൾ വ്യവസായ കേന്ദ്രങ്ങൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബ്ബുകൾ കായിക പരിശീലന കേന്ദ്രങ്ങൾ, പരീക്ഷാ, റിക്രൂട്ട്‌മെന്റ് സംവിധാനങ്ങൾ തുടങ്ങിയ നിർബന്ധമായും കർശനമായി കോവിഡ് നിർവ്യാപനത്തിന് സാമൂഹിക അകലം പാലിച്ച് ബ്രേക്ക് ദി ചെയിൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്.

താഴെ പറയുന്ന പോലീസ് സ്റ്റേഷൻ പരിധികളിലും ടൗൺ പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു – മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ് , നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലും അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു ജില്ലാകളക്ടർ ഉത്തരവായി.

നിരോധനാജ്ഞ ലംഘിച്ചാൽ ?

നിരോധനാജ്ഞ ലംഘിക്കുന്നത് കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമം 141 മുതൽ 149 വരെയാണ് കേസുകൾ എടുക്കുന്നത്. 144 പ്രകാരം ശിക്ഷിക്കപ്പെടുന്നവർക്ക് പരമാവധി 3 വർഷം വരെ തടവും 2500 രൂപ വരെ പിഴയും ലഭിക്കുന്നു.

No comments