ഓസ്ട്രേലിയക്കെതിരെ പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്സി;
ഓസ്ട്രേലിയൻ പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്സിയെന്ന് റിപ്പോർട്ട്. 1992ലെ ഇന്ത്യയുടെ ജഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ ജഴ്സി. ഫാൻ്റസി ഗെയിമിങ് ആപ്പായ എംപിഎൽ ആണ് ഇന്ത്യൻ ജഴ്സിയുടെ പുതിയ സ്പോൺസർമാർ. നൈക്കിയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറിൽ ബിസിസിഐ എംപിഎലുമായി ഒപ്പിട്ടത്.
അതേസമയം, ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ ഓസ്ട്രേലിയ പുതിയ ജഴ്സിയാവും അണിയുക. ജഴ്സി ഓസ്ട്രേലിയ അവതരിപ്പിച്ചു. ഓസ്ട്രേലിയൻ സംസ്കാരത്തെയും ബന്ധങ്ങളെയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ജഴ്സിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് ജഴ്സിയുടെ വിവരം പങ്കുവച്ചത്.
നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.
ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
No comments