Breaking News

ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും

 

15ാം ഐ.പി.എല്‍ സീസണിലേക്ക് രണ്ട് പുതിയ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ലേലം ജൂലൈയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. പതിനാലാം സീസണ്‍ ഐ.പി.എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് മുന്നോടിയായി പുത്തന്‍ ടീമുകളുടെ വില്‍പ്പന നടപടികള്‍ ബി.സി.സി.ഐ ജൂലൈയില്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകമെന്നാണ് കരുതുന്നത്. 1800 കോടി രൂപയിലധികമായിരിക്കും പുതിയ ഐ.പി.എല്‍ ടീമുകളുടെ അടിസ്ഥാന വിലയെന്നാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. രണ്ട് ടീമുകള്‍ കൂടി വരുമ്പോള്‍ ടീമുകളുടെ എണ്ണം പത്താകും.
.
പ്രമുഖ വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയുമാവും പുതിയ ടീമുകളെ വാങ്ങുകയെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള ടീം അദാനിയുടെ ഉടമസ്ഥതയിലാവുമെന്നാണ് സൂചന. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാകും ഈ പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പണി കഴിപ്പിച്ച ഗ്രൗണ്ടാണിത്.

മുമ്പ് ഐ.പി.എല്‍ കളിച്ചിട്ടുള്ള റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് ഫ്രാഞ്ചൈസി ഉടമകളായിരുന്ന ആര്‍.പി.ജി.എസ് ഗ്രൂപ്പ് ഉടമയാണ് ഗോയങ്ക. പൂനെയ്ക്ക് സാദ്ധ്യതയുണ്ടെങ്കില്‍ സഞ്ജീവ് ഗോയങ്കയുടെ ആര്‍.പി.എസ്.ജി ഗ്രൂപ്പ് തങ്ങളുടെ ഫ്രാഞ്ചൈസിയെ പൊടിതട്ടി എടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

No comments