ചികിത്സാപ്പിഴവ് മൂലം ആറു വയസുകാരി മരിച്ച സംഭവം; 18 വർഷങ്ങൾക്കു ശേഷം കുടുംബത്തിന് നീതി
ചികിത്സാപ്പിഴവ് മൂലം ആറു വയസുകാരി മരിച്ച സംഭവത്തില്‍ 18 വർഷങ്ങൾക്കു ശേഷം കുടുംബത്തിന് നീതി. മെഡിക്കല്‍ കൊള്ളയുടെയും ഇരയാണ് അഞ്ജലിയെന്ന് നിരീക്ഷിച്ചായിരുന്നു കുടുംബത്തിന് അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.
വയനാട് കണിയാമ്പറ്റ സ്വദേശി ഗണേഷിന്റെയും മിനിയുടെയും മകൾ അഞ്ജലി 2003 ലാണ് മരിച്ചത്. 1998 ഡിസംബറിലാണ് ദമ്പതികളുടെ മകളെ രക്താർബുദത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചത്. മൂന്നുവർഷത്തെ ചികില്‍സക്ക് ശേഷം രോഗം ഭേദമായതായി ഡോക്ടർ പി.എം.കുട്ടി രക്ഷിതാക്കളെ അറിയിച്ചു. എന്നാൽ 2002ൽ കുഞ്ഞിന് തലവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ഡോക്ടറെ വീണ്ടും സമീപിച്ചു. തുടർന്ന് ഡോക്ടർ ചോദിക്കാതെ സ്കാൻ ചെയ്തതിന് ശകാരിക്കുകയും സ്വന്തം ലാബിൽ നിന്ന് വീണ്ടും സ്കാൻ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു.
നിരന്തരമുണ്ടായ ചികില്‍സാ പിഴവിനെ തുടർന്ന് 2003 സെപ്റ്റംബറിൽ കുഞ്ഞ് മരിച്ചു. 2008ൽ വിശദമായി ഈ കേസ് പരിശോധിച്ച മനുഷ്യാവകാശ കമ്മിഷൻ ഡോക്ടറുടെ പ്രാക്ടീസ് നിര്‍ത്തിവയ്ക്കാനും കുടുംബത്തിന് ഒന്നേ മുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. ഇതിനെതിരെ ഡോക്ടര്‍ പി.എം.കുട്ടി നൽകിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കഴിഞ്ഞദിവസം ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്. വൈകിയാണെങ്കിലും നീതി ലഭിച്ചതിൻറെ ആശ്വാസത്തിലാണ് ഈ കുടുംബം.

No comments