Breaking News

വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ അഫ്ഗാന്‍ യുവ ഫുട്ബോളറും; സാക്കി അൻവാരിയുടെ മരണം സ്ഥിരീകരിച്ചു


അഫ്​ഗാന്‍ കൂട്ടപാലായനത്തില്‍ വിമാനത്തിന്റെ ടയറിൽ അള്ളിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് പതിച്ച് മരണപ്പെട്ടവരില്‍ അഫ്ഗാന്‍ യുവ ഫുട്ബോളറും. ദേശീയ യൂത്ത് ടീം അംഗം സാക്കി അന്‍വാരിയാണ് മരണപ്പെട്ടത്. 2021 ഓഗസ്റ്റ് 16 തിങ്കളാഴ്ചയായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നത്. യുഎസ് യുദ്ധവിമാനമായ യുഎസ്എഎഫ് ബോയിംഗ് സി -17 ൽ നിന്ന് വീണവരില്‍ ഒരാള്‍ സാക്കി അൻവാരിയാണെന്നും ജനറൽ സ്പോർട്സ് ഡയറക്ടറേറ്റ് മരണം സ്ഥിരീകരിച്ചതായും അഫ്ഗാന് വാർത്താ ഏജന്‍സിയായ അരിയാന റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ജനക്കൂട്ടം ഞായറാഴ്ച താലിബാൻ വിമതർ അധികാരത്തിൽ വന്നതിന് ശേഷം വിമാനത്താവളത്തിൽ തടിച്ചുകൂടി, പലരും ചലിക്കുന്ന വിമാനത്തിൽ കയറാൻ ശ്രമിക്കുന്നത് കണ്ടു. കാബൂൾ വിമാനത്താവളത്തില്‍ നിർത്തിയിട്ടിരിക്കുന്ന വിമാനത്തിനകത്തേക്ക് കയറാന്‍ ജനങ്ങള്‍ തിക്കിതിരക്കുന്നതിനിടെയായിരുന്നു യുഎസ് വിമാനം പറന്നുയർന്നത്. ഈ സമയം, വിമാനത്തിന്റെ ചിറകിലിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സാക്കി അടക്കമുള്ളവർ താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിമാനത്തില്‍ നിന്ന് പതിച്ച ഇവർ കെട്ടിടത്തിനുമുകളിലേക്ക് വീണെന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി

പിന്നാലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു അമേരിക്കന്‍ സി 17 വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് അഫ്ഗാന്‍ പൗരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ലാന്‍ഡിംഗ് ഗിയറില്‍ കുടുങ്ങിയ ശരീരം ഗിയറിന്റെ പ്രവര്‍ത്തനത്തെ താത്കാലികമായി തകരാറിലാക്കുകയും ഉണ്ടായി. എന്നാല്‍ ഈ ഭീകര ദൃശ്യങ്ങള്‍ക്കുശേഷവും രാജ്യത്തിന് പുറത്തുകടക്കാന്‍ വിമാനത്തിന്റെ ചിറകിലും ചക്രത്തിലും കയറി സാഹസിക ശ്രമം നടത്തുകയാണ് അഫ്ഗാന്‍ ജനത.

No comments