Breaking News

പുതിയ ഉംറ സീസണില്‍ എത്തുന്നത് ഒരു കോടി തീര്‍ത്ഥാടകര്‍

 പുതിയ ഉംറ സീസണില്‍ എത്തുന്നത് ഒരു കോടി തീര്‍ത്ഥാടകര്‍




റിയാദ്: ജൂലൈ 30ന് ആരംഭിക്കുന്ന പുതിയ ഉംറ സീസണില്‍ ഒരു കോടി തീര്‍ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ഹാനി അല്‍അംറി പറഞ്ഞു.

സീസണ്‍ ആരംഭിക്കാനിരിക്കെ ഉംറ സേവനങ്ങള്‍ക്കായി സൗദി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശ ഏജന്റുമാരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്.

സൗദി അറേബ്യയില്‍ അഞ്ഞൂറിലധികം ഉംറ സര്‍വിസ് കമ്പനികള്‍ തീര്‍ഥാടകരുടെ സേവനത്തിനായുണ്ടാകും. പരിശീലനം നേടിയ സ്വദേശികളാണ് ഇവയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലായി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നല്‍കിയ രണ്ടായിരത്തിലധികം ഏജന്റുമാരുമുണ്ട്.

സംഘങ്ങളായും വ്യക്തികളായും വരാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ക്ക് അതിന് അനുസൃതമായ പാക്കേജുകള്‍ തയാറാക്കിയിട്ടുണ്ട്. ഇങ്ങനെ പാക്കേജുകള്‍ തെരഞ്ഞെടുത്ത് വരാന്‍ ആവശ്യമായ നടപടികള്‍ക്ക് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച 34 പ്രാദേശിക, അന്തര്‍ദേശീയ ഇലക്ട്രോണിക് റിസര്‍വേഷന്‍ പ്ലാറ്റ്ഫോമുകളും ഉണ്ട്.

അതേസമയം, ഹജ്ജ് വന്‍ വിജയമാക്കാന്‍ സഹകരിച്ച മന്ത്രിമാര്‍, വിവിധ പ്രവിശ്യകളിലെ ഗവര്‍ണര്‍മാര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി അറിയിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഹജ് വിജയകരമാക്കാന്‍ സഹകരിച്ചവര്‍ക്ക് നന്ദി അറിയിച്ചു.

കൊവിഡ് പ്രത്യാഘാതങ്ങളെ മറികടക്കാനുള്ള ആരോഗ്യ പ്രോട്ടോക്കോളുകളും സുരക്ഷാ സേവന പദ്ധതികളും നടപ്പിലാക്കുന്നതില്‍ ഹജ് സീസണില്‍ പങ്കെടുത്ത ഏജന്‍സികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

No comments