വിരമിക്കല്‍ പ്രഖ്യാപിച്ച് ആരോണ്‍ ഫിഞ്ച് പടിയിറങ്ങുന്നത് ഓസീസിന് ട്വന്റി20 ലോകകപ്പ് സമ്മാനിച്ച നായകന്‍
വിരമിക്കല്‍ പ്രഖ്യാപിച്ച് ആരോണ്‍ ഫിഞ്ച്
പടിയിറങ്ങുന്നത് ഓസീസിന് ട്വന്റി20 ലോകകപ്പ് സമ്മാനിച്ച നായകന്‍
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണറും ട്വന്റി20 നായകനുമായ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 12 വര്‍ഷം നീണ്ട ഉജ്ജ്വലമായ കരിയറിനാണ് 36കാരനായ താരം വിരാമമിടുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഏകദിനത്തില്‍ നിന്ന് ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ടീം സെമി കാണാതെ പുറത്തായതും ബാറ്റിംഗില്‍ സ്ഥിരത കണ്ടെത്താന്‍ പ്രയാസപ്പെടുന്നതുമാണ് വിരമിക്കല്‍ പ്രഖ്യാപനത്തിലേക്ക് ഫിഞ്ചിനെ നയിച്ചത്.
ഓസ്‌ട്രേലിയക്ക് ആദ്യമായി ട്വന്റി20 ലോകകപ്പ് സമ്മാനിച്ച നായകനാണ് ആരോണ്‍ ഫിഞ്ച്. '2024ല്‍ നടക്കുന്ന ലോകകപ്പ് വരെ കളിക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. ലോകകപ്പിന് പുതിയ ടീമിനെ കെട്ടിപ്പടുക്കാനുള്ള പദ്ധതികള്‍ ആരംഭിക്കേണ്ട സമയമാണിത്. അതുകൊണ്ട് തന്നെ വിരമിക്കുന്നത് ഉചിതമായ സമയത്ത് തന്നെയാണെന്ന് ഞാന്‍ കരുതുന്നു. അന്താരാഷ്ട്ര കരിയറിലുടനീളം പിന്തുണച്ച എല്ലാ ആരാധകരോടും എന്റെ നന്ദി അറിയിക്കുന്നു' ഫിഞ്ച് പറഞ്ഞു. '2021ലെ ട്വന്റി20 ലോകകപ്പ്, 2015ലെ ഏകദിന ലോകകപ്പ് നേട്ടങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളാണ്. 12 വര്‍ഷം ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതും മഹാരഥന്മാരായ നിരവധി താരങ്ങള്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞതും അവിശ്വസനീയ ബഹുമതിയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments