Breaking News

മെഡലുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച് കണ്ണീരണിഞ്ഞ് ഗുസ്തി താരങ്ങള്‍; ഇടപെട്ട് കര്‍ഷകര്‍, നീതി തേടിയുള്ള പ്രക്ഷോഭം നിര്‍ണ്ണായകം

 മെഡലുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച് കണ്ണീരണിഞ്ഞ് ഗുസ്തി താരങ്ങള്‍; ഇടപെട്ട് കര്‍ഷകര്‍, നീതി തേടിയുള്ള പ്രക്ഷോഭം നിര്‍ണ്ണായകം


ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷക സംഘടനകള്‍. രാജ്യാന്തര മത്സരവേദികളില്‍ ഉള്‍പ്പെടെ ലഭിച്ച മെഡലുകള്‍ പ്രതിഷേധ സൂചകമായി ഗംഗാ നദിയില്‍ ഒഴുക്കാന്‍ താരങ്ങള്‍ എത്തിയെങ്കിലും കര്‍ഷക നേതാക്കള്‍ ഇടപെട്ടതോടെ പിന്മാറുകയായിരുന്നു.

ഇന്ത്യന്‍ കായിക ചരിത്രത്തിലെ അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് ചൊവ്വാഴ്ച ഹരിദ്വാര്‍ സാക്ഷിയായത്. ഇരുപത്തിയെട്ടാം തീയ്യതി ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സമരവേദി പൂര്‍ണമായും പൊളിച്ചു നീക്കിയതോടെ നീതി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയും ഗുസ്തി താരങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.

നീതി ലഭിക്കാത്തതിനാല്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച താരങ്ങള്‍ തീരുമാനവുമായി മുന്നോട്ട് പോയതോടെ അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് ഗംഗാ തീരം സാക്ഷ്യം വഹിച്ചത്. ഗംഗയുടെ അത്ര തന്നെ പരിശുദ്ധിയുണ്ട് അധ്വാനിച്ചു നേടിയ മെഡലുകള്‍ക്ക്.

അത് ഗംഗയില്‍ ഒഴുകി കഴിഞ്ഞാല്‍ നഷ്ടപ്പെടുന്നത് സ്വന്തം ആത്മാവും ജീവനും തന്നെയാണെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. മെഡലുകള്‍ ഒഴുക്കിയ ശേഷം രക്തസാക്ഷികളുടെ ഓര്‍മ്മകളുള്ള ഇന്ത്യാ ഗേറ്റില്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.
ഒളിമ്പിക്‌സ് അടക്കം അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടിയ മെഡലുകളുമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് താരങ്ങള്‍ ഹരിദ്വാറിലെത്തിയത്. ഒന്നര മണിക്കൂര്‍ താരങ്ങള്‍ ഗംഗാതീരത്ത് കുത്തിയിരുന്നു. ഒടുവില്‍ മെഡലുകള്‍ ഒഴുക്കരുതെന്ന കര്‍ഷക നേതാവ് നരേഷ് ടിക്കായത്തടക്കമുള്ളവരുടെ അഭ്യര്‍ത്ഥനക്ക് താരങ്ങള്‍ വഴങ്ങുകയായിരുന്നു.

ഖാപ് നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണീരണിഞ്ഞ് നില്‍ക്കുന്ന താരങ്ങളുടെ വൈകാരിക രംഗങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ എത്തിയത്. കര്‍ഷകസംഘടനകള്‍ ഇന്ന് ഖാപ്പ് പഞ്ചായത്ത് കൂടി വിഷയം ചര്‍ച്ച ചെയ്യും.

No comments