Breaking News

ഒഡീഷയിൽ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് വന്‍അപകടം, 10പേര്‍ക്ക് ദാരുണാന്ത്യം, എട്ടുപേര്‍ക്ക് പരിക്ക്, നടുക്കം

 ഒഡീഷയിൽ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് വന്‍അപകടം, 10പേര്‍ക്ക് ദാരുണാന്ത്യം, എട്ടുപേര്‍ക്ക് പരിക്ക്, നടുക്കം


ഭുവനേശ്വര്‍: ബസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. ഒഡീഷയിലെ ഗഞ്ജം ജില്ലയിലാണ് സംഭവം. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം. ബെര്‍ഹാംപൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്വകാര്യ ബസും റായഗഡ ജില്ലിലെ ഗുഡാരി എന്ന സ്ഥലത്ത്‌നിന്നും മടങ്ങിവരികയായിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുമാണ് കൂട്ടിയിടിച്ചത്.

സ്വകാര്യ ബസ്സിലെ യാത്രക്കാരാണ് മരിച്ചത്. പരിക്കേറ്റ എട്ടുപേരും ഇതേ ബസ്സിലുണ്ടായിരുന്നവരാണ്. വിവരമറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബസുകളില്‍ ഒന്നിന്റെ ഡ്രൈവര്‍ ചികിത്സയിലാണ്. അതേസമയം, രണ്ടാമത്തെ ബസിന്റെ ഡ്രൈവറെ ഇനിയും കണ്ടെത്തിയില്ല. ഗുരുതര പരിക്കേറ്റ ആറുപേരെ എംകെസിജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാളെ കട്ടക്കില്‍ എസ്സിജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അഗാഥമായ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ദുരിതാശ്വാസം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

No comments