ഷാരൂഖ് സെയ്ഫി തീവെച്ച അതേ ട്രെയിന്‍, രണ്ട് മാസത്തിനുശേഷം വീണ്ടും തീപിടിത്തം; ദുരൂഹതയേറുന്നു
ഷാരൂഖ് സെയ്ഫി തീവെച്ച അതേ ട്രെയിന്‍, രണ്ട് മാസത്തിനുശേഷം വീണ്ടും തീപിടിത്തം; ദുരൂഹതയേറുന്നു
കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് നടന്ന് രണ്ട് മാസം തികയുന്നതിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് കണ്ണൂരിൽ അതേ ട്രെയിനിൽ വീണ്ടും തീപിടിത്തമുണ്ടായത്. ഏപ്രിൽ രണ്ടിന് എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലാണ് ആക്രമണമുണ്ടായതെങ്കിൽ വ്യാഴാഴ്ച പുലർച്ചെ കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലായിരുന്നു തീപിടിത്തം. എലത്തൂർ കേസിൽ എൻ.ഐ.എ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വീണ്ടും തീപിടിത്തമെന്നതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.
എലത്തൂർ സംഭവത്തിന് പിന്നാലെ ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും അന്നത്തെ സുരക്ഷാ വീഴ്ചയിൽ നിന്ന് റെയിൽവേ ഇപ്പോഴും പാഠം പഠിച്ചിട്ടില്ലെന്നാണ് കണ്ണൂരിലെ സംഭവം വ്യക്തമാക്കുന്നത്.
ബുധനാഴ്ച രാത്രിയോടെ ആലപ്പുഴയിൽ നിന്ന് കണ്ണൂരെത്തിയ ട്രെയിനിൽനിന്ന് ആളുകൾ ഇറങ്ങി രണ്ട് മണിക്കൂറിന് ശേഷമായിരുന്നു തീപിടിത്തം. നിർത്തിയിട്ട ട്രെയിനിൽ പുലർച്ചെ ഒന്നരയോടെ ഉണ്ടായ തീപിടിത്തം ഒരു മണിക്കൂറിനുള്ളിൽ തന്നെ അണയ്ക്കാനായെങ്കിലും ഒരു ബോഗി പൂർണമായും കത്തിനശിച്ചു. മറ്റു കോച്ചുകളെ ഉടൻ വേർപെടുത്തിയതിനാൽ തീ പടർന്നില്ല. യാത്രക്കാർ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. തീപിടിത്തത്തിൽ ദുരൂഹത സംശയിക്കുന്നുണ്ടെന്നാണ് റെയിൽ അധികൃതർ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു ഫാറൂഖ് സെയ്ഫി യാത്രക്കാർക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തേത്തുടർന്ന് മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം പ്രതിയെ പിന്നീട് രത്നഗിരിയിൽനിന്ന് മഹാരാഷ്ട്ര എ.ടി.എസ്. പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു. തീവ്രവാദ ബന്ധം സ്ഥിരീകരിച്ച ഈ ആക്രമണത്തിൽ കൂടുതൽ പ്രതികളിലേക്ക് ഉൾപ്പെടെ എൻഐഎ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഡൽഹി ഷഹീൻബാഗിൽ ഷാരൂഖ് സെയ്ഫിയുടെ വീട്ടിലുൾപ്പെടെ ഒൻപതിടത്ത് എൻ.ഐ.എ അടുത്തിടെ പരിശോധന നടത്തി. തീവെപ്പ് നടത്താൻ ഷാരൂഖിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ, തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ ഷഹീൻബാഗിലെത്തി അന്വേഷിച്ചത്. കേസിൽ മൊഴി നൽകാനായി ഷഹീൻബാഗിൽനിന്ന് എൻഐഎ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയ ഷാരൂഖ് സെയ്ഫിയുടെ സുഹൃത്തിന്റെ പിതാവിനെ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവിൽ വീണ്ടും തീപിടിത്തമുണ്ടായതെന്നും ദുരൂഹത വർധിപ്പിക്കുന്നു.

No comments