Breaking News

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഒമ്പത് അറബ് രാജ്യങ്ങൾ

 ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഒമ്പത് അറബ് രാജ്യങ്ങൾ




ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 ആയി. ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഒമ്പത് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കി. കെയ്റോ സമാധാന ഉച്ചകോടിക്ക് ശേഷം യുഎഇ, ബഹ്റൈൻ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ, മോറോക്കോ വിദേശകാര്യ മന്ത്രിമാരാണ് പ്രസ്താവന നടത്തിയത്.

ബന്ദികളെ വിട്ടയക്കണമെന്നും, സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നുമാണ് ആവശ്യം. സാധാരണക്കാര്‍ക്കെതിരായ ആക്രമണം, നിര്‍ബന്ധിത കുടിയിറക്കല്‍, തുടങ്ങിയവയെ അറബ് രാജ്യങ്ങള്‍ സംയുക്തമായി അപലപിച്ചു. മാനുഷിക മൂല്യങ്ങളിലൂന്നി ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണെമന്ന് ഈ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.


ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഇരുന്നൂറിലെറെ പേരെ ഹമാസ് ബന്ദികളാക്കിയെന്ന ഇസ്രയേലിന്റെ നിലപാടിന് പിന്നാലെയാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍. ടെലിഗ്രാം ചാനലിലൂടെ ഹമാസിന്റെ സായുധവിഭാഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാമര്‍ശം. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ വക്താവായ അബു ഒബൈദയുടെ പേരിലാണ് പ്രസ്താവന.

ഇതിനിടെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ യുഎസ് പൗരന്മാരെ ലക്ഷ്യം വെക്കുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് സന്ദേശമയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണം മൂലം രക്ഷാപ്രവര്‍ത്തനം കാര്യമായി വെട്ടിച്ചുരുക്കേണ്ടി വരുമെന്നാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സി അറിയിക്കുന്നത്.

No comments