പിള്ളേര്‍ അങ്ങ് എടുത്തു.. തോല്‍പ്പിച്ചത് സൂപ്പര്‍താര ചിത്രങ്ങളെ; 'പ്രേമലു'വിന് ഗംഭീര നേട്ടം! 100 കോടി ക്ലബ്ബില്‍ സിനിമ
പിള്ളേര്‍ അങ്ങ് എടുത്തു.. തോല്‍പ്പിച്ചത് സൂപ്പര്‍താര ചിത്രങ്ങളെ; 'പ്രേമലു'വിന് ഗംഭീര നേട്ടം! 100 കോടി ക്ലബ്ബില്‍ സിനിമ
‘മഞ്ഞുമ്മല്‍ ബോയ്‌സി’ന് പിന്നാലെ ‘പ്രേമലു’വും 100 കോടി ക്ലബ്ബില്‍. വെറും 9 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും 100 കോടി നേടിയിരിക്കുന്നത്. ഫെബ്രുവരി 9ന് ആണ് പ്രേമലു തിയേറ്ററില്‍ എത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ 9 ലക്ഷം മാത്രമായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയത്. സൂപ്പര്‍താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ എത്തി മിന്നും വിജയം നേടിയ ചിത്രം കൂടിയാണിത്. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരങ്ങളായ നസ്ലിന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്.
100 നേട്ടത്തില്‍ എത്തുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണ് പ്രേമലു. മലയാള സിനിമയില്‍ 100 കോടി ക്ലബ്ബിലെത്തുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ‘2018’, ‘പുലിമുരുഗന്‍’, ‘ലൂസിഫര്‍’, ‘നേര്’, ‘ആര്‍ഡിഎക്‌സ്’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നീ സിനിമകള്‍ക്ക് ശേഷമാണ് പ്രേമലുവും 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.
ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തി. ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്‌സ് വാങ്ങിയത് സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രം കണ്ടതിന് ശേഷം രാജമൗലി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കാര്‍ത്തികേയ പ്രേമലു തെലുങ്കില്‍ എത്തിച്ചതില്‍ സന്തോഷം. ആദ്യം മുതല്‍ അവസാനം വരെ ചിരിയുടെ പൂരമായിരുന്നു. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ തന്നെ റീനുവിനെ ഇഷ്ടമായി. സച്ചിന്‍ എന്ന കഥപാത്രം ലവബിള്‍ ആണ്. എന്നിരുന്നാലും എന്റെ ഫേവറിറ്റ് കഥാപാത്രം ആദിയാണ് എന്നാണ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

No comments