Breaking News

'പാകിസ്താന്‍ സ്‌മോക്കിംഗ് ലീഗ്'; പിഎസ്എല്‍ ഫൈനലിനിടെ ഡ്രെസിങ് റൂമിലിരുന്ന് പുകവലിച്ച് താരം, വിവാദം

 'പാകിസ്താന്‍ സ്‌മോക്കിംഗ് ലീഗ്'; പിഎസ്എല്‍ ഫൈനലിനിടെ ഡ്രെസിങ് റൂമിലിരുന്ന് പുകവലിച്ച് താരം, വിവാദം




കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് പുകവലിച്ച് പാക് താരം. മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മിലുള്ള കലാശപ്പോരിനിടെ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ഓള്‍റൗണ്ടറായ ഇമാദ് വസീമാണ് പുകവലിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്. ഇത് പാകിസ്താന്‍ സൂപ്പര്‍ ലീഗാണോ അതോ പാകിസ്താന്‍ സ്‌മോക്കിംഗ് ലീഗാണോ എന്നും ആരാധകര്‍ പരിഹസിക്കുന്നുണ്ട്.

മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇസ്ലാമാബാദ് യുണൈറ്റഡ് കിരീടം സ്വന്തമാക്കിയിരുന്നു. ഇസ്ലാമാബാദ് യുണൈറ്റഡിന്റെ വിജയത്തില്‍ ഇമാദ് വസീമിന്റെ ഓള്‍റൗണ്ടിങ് മികവ് നിര്‍ണായകമായിരുന്നു. ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇമാദ് വസീം മറുപടി ബാറ്റിങ്ങില്‍ പുറത്താകാതെ 19 റണ്‍സെടുത്തു. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ഇമാദ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുള്‍ട്ടാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് അവസാന പന്തിലാണ് വിജയലക്ഷ്യം മറികടന്നത്.

No comments