Breaking News

മദ്‌റസയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താക്കി ജയിലിലടച്ചു; ഒടുവിലിപ്പോള്‍ അഞ്ചുപേരും കുറ്റവിമുക്തര്‍

 മദ്‌റസയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താക്കി ജയിലിലടച്ചു; ഒടുവിലിപ്പോള്‍ അഞ്ചുപേരും കുറ്റവിമുക്തര്‍ 




മുംബൈ: മദ്‌റസയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് ബാലവേലയാക്കുകയും മനുഷ്യക്കടത്ത് സംബന്ധിച്ച വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെയും കുറ്റവിമുക്തരാക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സയ്യിദ് മുഹമ്മദ് അഞ്ജൂര്‍ ആലം(34), അരാരിയ (ബിഹാര്‍) സ്വദേശികളായ സദ്ദാം ഹുസൈന്‍ സിദ്ദീഖി (23), നുഅ്മാന്‍ ആലം സിദ്ദീഖി (28), ഇസാജ് സിയാബുല്‍ സിദ്ദീഖി (40), മുഹമ്മദ് ഷാനവാസ് ഹാറൂണ്‍ (22) എന്നിവര്‍ക്കെതിരായ കേസുകളാണ് റെയില്‍വേ പൊലിസ് അവസാനിപ്പിച്ചത്. ഇവര്‍ക്കെതിരേ വ്യത്യസ്ത വകുപ്പുകള്‍ ചുമത്തി രണ്ട് ക്രിമിനല്‍ കേസുകളാണ് മന്‍മഡ്, ഭുസ്വാള്‍ റെയില്‍വേ പൊലിസ് രജിസ്റ്റര്‍ചെയ്തത്. തെറ്റിദ്ധാരണ കാരണമാണ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതന്നെ് അന്വേഷണത്തില്‍ വ്യക്തമായെന്നും കേസുകള്‍ മാര്‍ച്ചില്‍ അവസാനിപ്പിച്ചതായും ഗവണ്‍മെന്റ് റെയില്‍വേ പൊലിസ് (ജി.ആര്‍.പി) ഡയറക്ടര്‍ ജനറല്‍ പ്രദ്‌ന്യ ശരവദേ അറിയിച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയിലാണ് കേസവസാനിപ്പിക്കുന്നതായി പൊലിസ് അറിയിച്ചത്.

2023 മെയ് 30നാണ് കേസിനാസ്പദമായ സംഭവം. അരാരിയില്‍ നിന്നുള്ള എട്ടിനും 17നും ഇടയിലുള്ള പ്രായമുള്ള 59 കുട്ടികളെയാണ് മഹാരാഷ്ട്രയിലെ പൂനെയിലെയും സാംഗ്ലിയിലെയും മദ്‌റസകളിലേക്ക് പഠനത്തിനായി കൊണ്ടുവന്നത്. റെയില്‍വേ സുരക്ഷാ സേനയും (ആര്‍.പി.എഫ്) സര്‍ക്കാരിതര സന്നദ്ധ സംഘടനയും (എന്‍.ജി.ഒ) ശിശു ക്ഷേമസമിതിയും (സി.ഡബ്യു.സി) ആണ് ഇവരെ പിടികൂടിയത്. 

കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുവന്നതാണെന്നും സംഭവം കുട്ടിക്കടത്താണെന്നും മാധ്യമങ്ങളെ അറിയിച്ച പൊലിസ്, അഞ്ച് അധ്യാപകരെയും അറസ്റ്റ്‌ചെയ്യുകയായിരുന്നു. കുട്ടികളെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലും പാര്‍പ്പിച്ചു. ഒരുമാസത്തോളമാണ് അധ്യാപകര്‍ ജയിലില്‍ കഴിഞ്ഞത്. കുട്ടികളെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചതറിഞ്ഞെത്തിയ രക്ഷിതാക്കള്‍ പ്രതിഷേധിച്ചതോടെ എല്ലാവരെയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. 

സംഭവം അന്വേഷിക്കുന്നതിനായി പൊലിസ് അരാരിയ സന്ദര്‍ശിക്കുകയും പ്രതികളുടെയും കുട്ടികളുടെയും യോഗ്യതാപത്രങ്ങള്‍ പരിശോധിക്കുകയും കുട്ടികളുടെ കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തു. കൂടാതെ മദ്‌റസയും അതിന്റെ രേഖകളും പരിശോധിച്ചു. ഇതോടെ എന്‍.ജി.ഒയുടെയും മറ്റും പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും മതിയായ രേഖകള്‍ സമര്‍പ്പിച്ചതിനാലുമാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പൊലിസ് അറിയിച്ചു.

തങ്ങളുടെ കൈവശം എല്ലാ കുട്ടികളുടെയും ആധാര്‍ കാര്‍ഡുകളും മറ്റ് രേഖകളും ഉണ്ടായിരുന്നതായി പ്രതിചേര്‍ക്കപ്പെട്ട ഹുസൈന്‍ സിദ്ദീഖി പറഞ്ഞു. പിടിയിലായപ്പോള്‍, വിഡിയോ കോള്‍ വഴി കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിക്കാന്‍ തയാറാണെന്ന് അറിയിച്ചെങ്കിലും പൊലിസ് ഞങ്ങളെ കേള്‍ക്കാന്‍ തയാറായില്ല. പ്രാദേശിക സര്‍പഞ്ചില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ഉള്ള സമ്മതപത്രം പൊലിസ് ആവശ്യപ്പെട്ടു. അത് ആ സമയം ഞങ്ങളുടെ കൈവശം ഇല്ലായിരുന്നു. സംഭവം എന്നെയും കുടുംബത്തെയും മാനസികമായി തളര്‍ത്തിയെന്നും ഹുസൈന്‍ സിദ്ദീഖി പറഞ്ഞു. 

പരാതി ലഭിക്കുമ്പോഴേക്കും പ്രാഥമിക അന്വേഷണം പോലും നടത്താതെ വ്യാജ കേസുകളെടുക്കുന്നത് അന്വേഷണ ഏജന്‍സികളുടെയും കോടതിയുടെയും സമയം പാഴാക്കുക മാത്രമല്ല, രാഷ്ട്ര സംവിധാനത്തിലുള്ള വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണെന്ന് അധ്യാപകരുടെ അഭിഭാഷകന്‍ നിയാസ് അഹമ്മദ് ലോധി പറഞ്ഞു.

No comments