അവസാനം അൽബേനിയ; യൂറോ കപ്പ് ഫുട്ബോളിൽ ക്രൊയേഷ്യയ്ക്ക് സമനിലകുരുക്ക്
അവസാനം അൽബേനിയ; യൂറോ കപ്പ് ഫുട്ബോളിൽ ക്രൊയേഷ്യയ്ക്ക് സമനിലകുരുക്ക്
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് അൽബേനിയ. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. ടൂർണമെന്റിൽ നിലനിൽക്കാൻ വിജയം ആവശ്യമായിരുന്ന മത്സരത്തിൽ ലൂക്കാ മോഡ്രിച്ചും സംഘവും ഭൂരിഭാഗം സമയവും പിന്നിലായിരുന്നു. എന്നാൽ രണ്ട് മിനിറ്റ് വ്യത്യാസത്തില്‍ പിറന്ന രണ്ട് ഗോളുകളിൽ ക്രൊയേഷ്യൻ അനുഭവസമ്പത്ത് തിരിച്ചുവന്നു. പക്ഷേ അൽബേനിയൻ ആക്രമണത്തിൽ അവസാന നിമിഷം ക്രൊയേഷ്യ സമനിലയിൽ കുരുങ്ങി.
മത്സരം തുടങ്ങിയതും അൽബേനിയ ക്രൊയേഷ്യയെ ഞെട്ടിച്ചു. 11-ാം മിനിറ്റിൽ ഖാസിം ലാസി വലകുലുക്കി. ആദ്യ പകുതിയിൽ മികച്ച പാസുകളും പന്തടക്കത്തിലെ മുൻതൂക്കവും മാത്രമാണ് ക്രൊയേഷ്യയ്ക്ക് ബാക്കിയായത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഉറച്ചാണ് ലൂക്കാ മോഡ്രിച്ചും സംഘവും കളത്തിലിറങ്ങിയത്. 74-ാം മിനിറ്റിൽ ക്രൊയേഷ്യ ആദ്യ ഗോൾ തിരിച്ചടിച്ചു.
അൽബേനിയൻ പ്രതിരോധം തകർത്ത് ആന്ദ്രെ ക്രമാരിച് ആണ് വലകുലുക്കിയത്. രണ്ട് മിനിറ്റുകൾക്കുള്ളിൽ ലൂക്കാ സൂചിച്ചിന്റെ ഷോട്ട് തടയാൻ ശ്രമിച്ച അൽബേനിയൻ താരം ഗ്ജാസുലയ്ക്ക് പിഴച്ചു. താരത്തിന്റെ സെൽഫ് ഗോളിൽ ക്രൊയേഷ്യ മുന്നിലെത്തി. എന്നാൽ മത്സരത്തിന്റെ ആവേശം അവിടെ തീർന്നില്ല. ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ ഗ്ജാസുല തന്നെ അൽബേനിയയ്ക്കായി സമനില ഗോൾ കണ്ടെത്തി.

No comments