ടെലിവിഷൻ മറിഞ്ഞുവീണ് പരിക്കേറ്റു; മൂവാറ്റുപുഴയിൽ ഒന്നരവയസുകാരന് ചികിത്സയ്ക്കിടെ ദാരുണമരണം
ടെലിവിഷൻ മറിഞ്ഞുവീണ് പരിക്കേറ്റു; മൂവാറ്റുപുഴയിൽ ഒന്നരവയസുകാരന് ചികിത്സയ്ക്കിടെ ദാരുണമരണം
കൊച്ചി: വീട്ടിൽ കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൾ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
കുട്ടി കളിക്കുന്നതിനിടെ ദേഹത്തേക്ക് ടിവി വെച്ചിരുന്ന സ്റ്റാന്റുൾപ്പെടെ മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിച്ചു.
കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുൾപ്പെടെയാണ് പരിക്കുകൾ. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. നസിയയാണ് അബ്ദുൾ സമദിന്റെ മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്. മൃതദേഹം തുടർനടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

No comments