Breaking News

മുല്ലപ്പെരിയാര്‍; 136 അടി എത്തിയാല്‍ വെള്ളം പുറത്തേക്കൊഴുക്കണം, ഷട്ടര്‍ തുറക്കും മുന്‍പ് അറിയിക്കണം; തമിഴ്‌നാടിന് കത്തയച്ച് കേരളം



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജലനിരപ്പ് 136 എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം പുറത്തേക്കൊഴുക്കണമെന്നും ഡാമിലെ ജലം ടണല്‍ വഴി വൈഗൈ ഡാമില്‍ എത്തിച്ച് പുറത്തേക്ക് വിടണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജല നിരപ്പ് വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴിന് ഉച്ചക്ക് 2 മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയര്‍ന്നിട്ടുണ്ട്.

വരുന്ന രണ്ടു ദിവസങ്ങളിലും ജില്ലയില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവില്‍ റിസര്‍വോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്‌സും, ടണല്‍ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്‌സും ആണ്

No comments