പ്രകൃതിയെ സംരക്ഷിക്കണോ?; ഇഐഎ 2020 കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള അവസാനദിനം ഇന്ന്, ഇതുവരെ ലഭിച്ചത് നാലരലക്ഷം കത്തുകള്
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത പഠനം ( ഇഐഎ- 2020) കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള അവസരം ഇന്നുകൂടി. ഇന്ന് വൈകുന്നേരത്തോട് കൂടി സമയപരിധി അവസാനിക്കും. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.
ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്.
ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. അതേസമയം, കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും കേന്ദ്രം അവഗണിച്ചു. പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രതിഷേധം ശക്തമാവുകയാണ്. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി വലിയ അപകടമാണെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്കുന്നു.
ഡല്‍ഹി പരിസ്ഥിതി മന്ത്രാലയത്തിന് മുന്നില്‍ ഇഐഎ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ബില്‍ഡേഴ്‌സ് അസോസിയേഷനും പരിസ്ഥിതി മന്ത്രിക്ക് കത്ത് നല്കി. ജനങ്ങള്‍ക്ക് അഭിപ്രായം അറിയാക്കാനുള്ള അവസാന തിയ്യതി ഇന്ന് അവസാനിക്കുകയാണ്. eia2020-moefcc@gov.in ഇതാണ് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള മെയില്‍ ഐഡി.
No comments