രാമക്ഷേത്ര നിർമ്മാണം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്‌ലിംലീഗ്
അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേർന്ന മുസ്‌ലിംലീഗ് മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം.
നിലപാടിൽ എതിർപ്പ് അറിയിച്ച് പ്രമേയം പാസ്സാക്കി. യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ധ്രുവീകരണത്തിന് പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും മുസ്‌ലിംലീഗ് അറിയിച്ചു.
എന്നാൽ പരാമർശത്തിൽ എതിർപ്പ് എന്നതല്ലാതെ പ്രതിഷേധമോ മറ്റ് കാര്യങ്ങളോ ഒന്നുംതന്നെ പ്രമേയത്തിൽ ഇല്ല. പ്രിയങ്കയോട് പ്രസ്‌താവന പിൻവലിക്കണം എന്ന് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിൽ നിന്നും ലീഗ് നേതാക്കൾ ഒഴിഞ്ഞുമാറി.
അയോധ്യ വിഷയത്തിൽ ലീഗ് കോടതി വിധിയെ സ്വഗതം ചെയ്‌തില്ലെന്നും, സാമുദായിക ഐക്യം തകരാതെ നോക്കുകയാണ് ഉണ്ടായതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
1992ൽ ബാബരി മസ്ജിദ് തകർന്ന സമയത്ത് കൈകൊണ്ട അതേ നിലപാട് തന്നെയാണ് പാർട്ടിക്ക് ഇപ്പോഴുമുള്ളത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അന്ന് കൈകൊണ്ട അതേ തീരുമാനത്തിന്റെ ബാക്കിപത്രം തന്നെയാണ് ഈ വിഷയത്തിലുമുള്ളതെന്നും നേതാക്കൾ പ്രതികരിച്ചു.
ഇന്ത്യൻ മതേതരത്വത്തിന് ഏറ്റവും മുറിവേറ്റ സമയമായിരുന്നു ബാബരി മസ്ജിദ് തകർത്ത നാളുകളിൽ ഉണ്ടായിരുന്നത്. അന്ന് മുസ്‌ലിംലീഗ് എടുത്ത നിലപാട് ഇന്ത്യൻ മതേതരത്വത്തെ ബലപ്പെടുത്തുന്ന ഒന്നായിരുന്നുവെന്നും നേതാക്കൾ പ്രതികരിച്ചു.
യോഗത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എംപി, കെപിഎ മജീദ്, പിവി അബ്ദുൽ വഹാബ് എംപി പങ്കെടുത്തു.

No comments