Breaking News

കോവിഡ് 19 പോരാട്ടം: പൊതു, സ്വകാര്യ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുളിയാർ സാമുഹ്യാരോഗ്യ കേന്ദ്രം ജീവനക്കാർ

 


മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് 19 വ്യാപനം തടയുന്നതിന് പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും അടുത്ത 14 ദിവസം പങ്കെടുക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. തനിക്കോ, താന്‍ മൂലം മറ്റാരാള്‍ക്കോ കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം സുരക്ഷ ഒരുക്കുന്നതിനായി  സ്വകാര്യ പൊതുചടങ്ങുകളില്‍ നിന്ന് താനും തന്റെ കുടുംബാംഗങ്ങളും വിട്ടു നില്‍ക്കുമെന്നാണ് പ്രതിജ്ഞ. മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ  ഓരോ ജീവനക്കാരും അപരിചിതരില്‍ നിന്നും കോവിഡ് രോഗ വ്യാപന സാധ്യതയുള്ള മേഖലകളില്‍ നിന്നും വരുന്നവരില്‍ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും ചെയ്യും. ഇങ്ങനെ പ്രതിജ്ഞ എടുത്ത്, പ്രാവര്‍ത്തികമാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. 

കോവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍, നടപ്പിലാക്കിയ ലോക്ഡൗണ്‍ ഉള്‍പ്പെടെ ചെയ്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതുമെല്ലാം ശരിയാണ്, നല്ലതാണ്.


പക്ഷേ, ഇപ്പോള്‍ മറ്റു ചില പുതിയ ശരികള്‍ മുന്നില്‍ വന്നു നില്‍ക്കുന്നു. ഒപ്പം നമ്മള്‍ രോഗത്തെ അതിജീവിക്കുകയാണെന്നുള്ള തോന്നലിലെ ശരികേടും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള വേവലാതി കൂട്ടുന്നു.


കോവിഡ്-19 അദൃശ്യനായ മഹാമാരിയാണ്(Invisible Pandemic) എന്ന പുതിയ നിരീക്ഷണം (lancet.com,May5) മനസ്സിലാക്കുമ്പോഴാണ്, ലോക്ഡൗണിലൂടെ നമുക്ക് കിട്ടിയത് "തയാറെടുപ്പിനുള്ള സമയം" മാത്രമായിരുന്നു എന്നു ബോധ്യമാവുക.


ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ നമുക്കിടയില്‍, ലക്ഷണങ്ങളൊന്നുമില്ലാതെ അദൃശ്യനായിരിക്കുന്ന കോവിഡ് മാരകമായി തിരിച്ചുവരും. വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ അതാണെന്നു സംഭവിച്ചത്.

മെഡിക്കൽ ഓഫീസർ ഡോ:അനിൽകുമാർ അധ്യക്ഷത വഹിച്ച് സംസാരിച്ച പരിപാടിയിൽ ഹെൽത്ത് സൂപ്പർവൈസർ എ കെ ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. 

വീട്ടില്‍ പ്രായമേറിയവരോ രോഗികളോ ഉണ്ടെങ്കില്‍ പുറത്തു നിന്നും ഒരു രോഗാണുവിനെപോലും നമ്മള്‍ അവരുടെ അടുത്തേയ്ക്ക് എത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞേ തീരൂ... അതാണ് ഇനിയുള്ള പോം വഴിയും വെല്ലുവിളിയും. വാക്സിന്‍ എത്തിയാലും നമുക്ക് ആദ്യം അവര്‍ക്കു നല്‍കി അവരെ സംരക്ഷിക്കാം.

ലോക്ഡൗണ്‍ ഇളവുകള്‍ വരും, ജീവിതത്തിനും ജീവനത്തിനും വേറെ വഴിയില്ല. പക്ഷേ...തൊട്ടടുത്ത് അദൃശ്യനായി കോവിഡുണ്ട് എന്ന തിരിച്ചറിവ് കൈവിടാതിരിക്കുക.


എനിക്കും ഇതു വായിക്കുന്ന താങ്കള്‍ക്കും തന്നയാണ് രോഗം നമ്മളിലേക്കും നമ്മളില്‍നിന്നും മറ്റൊരാളിലേക്കും പകരാതിരിക്കാനുള്ള ആത്യന്തികമായ ഉത്തരവാദിത്വം..


കാരണം കരുതുന്നതിനേക്കാളും ഏറെ ശക്തനാണ്, ഈ മഹാമാരി എന്ന് ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസ് സൂചിപ്പിച്ചു.


ഡോ:ദിവ്യ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. 

ശരീരത്തിന്റെ സ്വതസിദ്ധമായ പ്രതിരോധശേഷി (Innate immune responses) വേണ്ടത്രയുള്ളവരിലാണ് കോവിഡ് കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നു പോകുന്നത്. ഗര്‍ഭപാത്രത്തിലായിരുന്നപ്പോള്‍ അമ്മ കഴിച്ച പോഷകാഹാരം മുതല്‍ ജനിച്ചു കഴിഞ്ഞു കുടിച്ച മുലപ്പാലും പിന്നീട് കഴിച്ച ആരോഗ്യകരമായ ഭക്ഷണവും ഇതുവരെ ജീവിച്ച ജീവിത ശൈലിയുമൊക്കെ ചേര്‍ന്നു നല്‍കുന്നതാണ് സ്വതസിദ്ധപ്രതിരോധ ശേഷി. അല്ലാതെ, പ്രതിരോധ ശക്തി കൂട്ടിക്കളയാം എന്നു കരുതി ഒരു ദിവസം രാവിലെ എഴുന്നേറ്റ് കഴിക്കാന്‍ തുടങ്ങുന്ന ഇഞ്ചിയോ വെളുത്തുള്ളിയോ വിറ്റമിന്‍ ഗുളികളോ പഞ്ചസാര ഗുളികകളോ ഒന്നും പ്രതിരോധം കൂട്ടില്ല. അവയേക്കാള്‍ ആയിരം മടങ്ങ് പ്രതിരോധം നല്‍കും കൈ കഴുകല്‍, മാസ്കു ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ മുതല്‍ "തുപ്പല്ലേ... തോറ്റുപോകും" പോലുള്ളവ നടപ്പിലാക്കുന്നത്. പല്ലുതേക്കലും കുളിക്കലും വസ്ത്രം ധരിക്കലും പോലെ അവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും, ആകണം. ഡോ. ദിവ്യ ചന്ദ്രൻ പറഞ്ഞു.


ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് മെയിൽ സ്റ്റാഫ് നേഴ്സ് ബിജോയ് സ്കറിയാ നന്ദി പറഞ്ഞു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ കെ.സുരേഷ് കുമാർ. ശ്രീമതി ഒ.കെ.ഉഷ, ശ്രീമതി പി.ലത, ശ്രീമതി. പി.ബിന്ദു, ശ്രീ. നിതീഷ്.പി.ജി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ശ്രീമതി വി.രൂപശ്രീ, ശ്രീമതി വനിത.കെ, സ്റ്റാഫ് നേഴ്സ്മാരായ പ്രതീഷ് കുമാർ ടി, ശ്രീമതി. അനഘ.

ലാബ് ടെക്നീഷ്യൻ പ്രതീക്ഷ വി, ശ്രീ. കെ കുഞ്ഞിക്കണ്ണൻ ശ്രീമതി ആർ ജയശ്രീ, പാലിയേറ്റീവ് നഴ്സ് ശ്രീമതി എ.പ്രിയകുമാരി, ആശാ പ്രവർത്തക ശ്രീമതി രജനി തുടങ്ങിയവർ നേതൃത്വം നൽകി.

No comments