Breaking News

നിക്ഷേപ തട്ടിപ്പ്: സ്വർണാഭരണങ്ങൾ കാണാതായതിനെക്കുറിച്ച് അന്വേഷണം വേണമെന്നവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ, തനിക്കെതിരെയുള്ള കേസ് നിലനിൽക്കുന്നതല്ലെന്ന് കമറുദ്ദീൻ

കൊച്ചി∙ ഫാഷൻ ഗോൾഡ് കമ്പനിയുടെ സ്വർണവും ആഭരണങ്ങളും കാണാതായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തട്ടിപ്പു കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് എംഎൽഎ എം.സി. കമറുദ്ദീൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം കോടതിയിൽ അറിയിച്ചത്. സ്ഥാപനത്തിന് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ല. എന്നിട്ടും നിയമവിരുദ്ധമായി നിക്ഷേപ സമാഹരണം നടത്തി. തെറ്റായ വിവരങ്ങളാണ് സർക്കാർ ഏജൻസികൾക്ക് നൽകിയത്. പണം നിക്ഷേപിച്ചവർക്ക് ഓഹരിപത്രം നൽകാൻ കമ്പനി തയാറായിട്ടില്ലെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

2006 മുതലുള്ള കമ്പനിയാണ് ഫാഷൻ ഗോൾഡെന്നും അതിനാലാണ് നിക്ഷേപകർ കമ്പനിയിൽ പണം നിക്ഷേപിച്ചതെന്നും കമറുദ്ദീൻ കോടതിയിൽ പറഞ്ഞു. 2019 വരെ കമ്പനി കൃത്യമായി ലാഭവിഹിതം നൽകിയിട്ടുണ്ട്. നിക്ഷേപകരുടെ കരാർ എംഡിയുമായിട്ടാണ്. തന്റെ പ്രതിഛായ നശിപ്പിക്കാനാണ് കമ്പനിക്ക് എതിരെ കേസ് എടുക്കാതെ തനിക്ക് എതിരെ എടുത്തിരിക്കുന്നത്. മറ്റ് ഡയറക്ടേഴ്സിനെതിരെയും പരാതിയില്ല. മുഴുവൻ സമയ ഡയറക്ടർ ആണ് എന്നതിന്റെ പേരിൽ തനിക്ക് എതിരെ വഞ്ചനാക്കുറ്റം എടുക്കാൻ കഴിയില്ല. തന്റെ സാന്നിധ്യത്തിൽ പണം നൽകി എന്നുള്ളതും വഞ്ചനാകുറ്റം ചുമത്താൻ തക്ക കാരണം അല്ല.

ഫാഷൻ ഗോൾഡിൽ താൻ 56 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നും കമറുദ്ദീൻ കോടതിയിൽ അറിയിച്ചു. നിക്ഷേപകർക്ക് പരാതി ഉണ്ടെങ്കിൽ കമ്പനി ട്രൈബ്യൂണലിനെ ആണ് സമീപിക്കേണ്ടതെന്നും സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണം എന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. നിക്ഷേപകർക്ക് പണം നൽകാൻ ഉണ്ടെന്നും അദ്ദേഹം കോടതിയിൽ സമ്മതിച്ചിട്ടുണ്ട്.

പോപ്പുലർ ഫണ്ട്‌ തട്ടിപ്പിന് സമാനമായ തട്ടിപ്പ് ആണ് നടന്നതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. സ്വന്തം ലാഭത്തിനായി പണം തിരിമറി നടത്തുകയായിരുന്നു. നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. കമറുദ്ദീന് എതിരെ വഞ്ചനാ കുറ്റം നിലനിൽക്കുന്നതാണ്. ആവശ്യമെങ്കിൽ മറ്റു ഡയറക്ടർമാരെയും കേസിൽ പ്രതി ചേർക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതായും സർക്കാർ കോടതിയിൽ അറിയിച്ചു. കമറുദ്ദീന്റെ ഹർജി വിധി പറയാൻ കോടതി മാറ്റിവച്ചു.

No comments