ആയിരക്കണക്കിന് പേര് ഈ മഹാമാരിക്കാലത്ത് നീതിതേടി ജയിലില്‍ കിടപ്പുണ്ട്; അര്‍ണബിന്‍റെ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കുന്നതിനെതിരെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍
റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബിന്‍റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കി. അടിയന്തിരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചോ എന്ന് വ്യക്തമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്‍റെയും ഇന്ദിര ബാനര്‍ജിയുടെ അവധിക്കാല ബെഞ്ച് ആണ് അര്‍ണബ് ഗോസാമിയുടെ ഹരജി പരിഗണിക്കുന്നത്. നവംബര്‍ നാല് മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് അര്‍ണബുള്ളത്.
കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് ആയിരക്കണക്കിന് പൌരന്മാര്‍ ജയിലില്‍ കിടക്കുമ്പോഴാണ് അര്‍ണബിന്‍റെ കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എനിക്ക് അര്‍ണബിനോട് വ്യക്തിപരമായ ദേഷ്യം ഒന്നുമില്ല. സുപ്രീം കോടതിയെ സമീപിക്കാനുള്ള അദ്ദേഹത്തിന്‍റെ അവകാശത്തില്‍ കൈ കടത്തുകയുമല്ല. മറ്റ് എല്ലാ പൌരന്മാരെയും പോലെ ഉന്നത കോടതിയില്‍നിന്ന് നീതികിട്ടാനുള്ള അവകാശം അദ്ദേഹത്തിനുമുണ്ട്. അടിയന്തിരമായി കേസ് പരിഗണിക്കുന്നു എന്നത് മാത്രമാണ് വിമര്‍ശിക്കപ്പെടേണ്ടത്. ആയിരക്കണക്കിന് പേര് ഈ മഹാമാരിക്കാലത്ത് നീതിതേടി ജയിലില്‍ കിടപ്പുണ്ട്. അവരുടെ കേസുകള്‍ ആഴ്ചകള്‍ക്ക് ശേഷമോ മാസങ്ങള്‍ക്ക് ശേഷമോ പരിഗണിക്കപ്പെടുമെന്നതിന് ഒരുറപ്പുമില്ല. എന്തുകൊണ്ടാണ് ഓരോ തവണയും അര്‍ണബ് കോടതിയെ സമീപിക്കുമ്പോള്‍ കേസുകള്‍ പെട്ടെന്ന് പരിഗണിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്‍റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസിൽ തനിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അർണാബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്.
No comments