ഞെട്ടിക്കുന്ന വരുമാനത്തിൽ എണ്ണക്കമ്പനികൾ; കച്ചവടം കുറഞ്ഞിട്ടും ജനത്തെ പിഴിഞ്ഞ് ലാഭം
പെട്രോൾ, ഡീസൽ വിലകൾ ദിവസവും വർധിപ്പിച്ചു ജനങ്ങളെ പിഴിയുമ്പോൾ എണ്ണക്കമ്പനികൾക്കുണ്ടാകുന്നത് റെക്കോർഡ് ലാഭം. രാജ്യത്തെ 3 പ്രധാന എണ്ണക്കമ്പനികളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020–21) ലാഭത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ‘പിഴിയലിന്റെ’ തീവ്രത വ്യക്തമാകും. ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും റെക്കോർഡ് ലാഭമാണു കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. കോവിഡ് ആദ്യ തരംഗത്തിൽ ഡിമാൻഡ് കുത്തനെ ഇടിഞ്ഞതു മൂലമുണ്ടായ നഷ്ടവും ബിഎസ്–6 വിഭാഗത്തിലേക്ക് റിഫൈനറികൾ മാറ്റുന്നതിനുള്ള ചെലവുമെല്ലാം വീണ്ടെടുത്ത് എണ്ണക്കമ്പനികൾ റെക്കോർഡ് നേട്ടത്തിലെത്തുമ്പോൾ രാജ്യത്തെ സാധാരണക്കാർ കൂടുതൽ ദുരിതത്തിലാകുകയാണ്.
ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും മൂലം വിൽപന കുറയുമ്പോഴാണ് എണ്ണക്കമ്പനികൾ റെക്കോർഡ് നേട്ടമുണ്ടാക്കുന്നതെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പു കാലങ്ങളിൽ വില വർധന വേണ്ടെന്നുവയ്ക്കാൻ എണ്ണക്കമ്പനികളോട് ആവശ്യപ്പെടുന്ന കേന്ദ്രസർക്കാർ പക്ഷ, അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങളിലെത്തിക്കാൻ ആവശ്യപ്പെട്ടില്ല. ക്രൂഡ് വിലയിൽ ചരിത്രപരമായ ഇടിവുണ്ടായപ്പോൾ ഇന്ധനവില കുറയ്ക്കാത്തത്, ഡിമാൻഡ് കുറഞ്ഞതുമൂലം വലിയ നഷ്ടം സംഭവിച്ചതിനാലാണെന്നും നേരത്തെ എണ്ണക്കമ്പനികൾ വ്യക്തമാക്കിയിരുന്നു.
കച്ചവടവും ഡിമാൻഡും കുറഞ്ഞിട്ടും എണ്ണക്കമ്പനികൾ റെക്കോർഡ് നേട്ടമുണ്ടാക്കിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ദിവസേനയുള്ള ഇന്ധനവിലകൂട്ടലാണ്. രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം ഏതാണ്ട് 50,000 കോടി രൂപയാണ്. ഇക്കാലയളവിൽ രാജ്യത്തെ ആകെ എണ്ണ ഡിമാൻഡിൽ 9.1 ശതമാനം ഇടിവുണ്ടായി. കേന്ദ്ര സർക്കാരിന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകൾ പ്രകാരം 19.46 കോടി ടൺ പെട്രോളിയം ഉൽപന്നങ്ങളാണ് ഇന്ത്യ കഴിഞ്ഞ സാമ്പത്തികവർഷം ഉപയോഗിച്ചത്. മുൻവർഷത്തെ ഉപയോഗം 21.41 ടണ്ണായിരുന്നു.

No comments