Breaking News

ടോക്യോയില്‍ വെങ്കലത്തിളക്കമായി സിന്ധു ഒളിംപിക്‌സ് ബാഡ്മിന്റണില്‍ പിവി സിന്ധുവിന് വെങ്കലം. തുടര്‍ച്ചയായി രണ്ട് ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സിന്ധു


ടോക്യോയിലും ഇന്ത്യന്‍ മെഡല്‍ സ്വപ്നങ്ങള്‍ക്ക് സിന്ദൂരം ചാര്‍ത്തി പിവി സിന്ധു. റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ വെള്ളിത്തിളക്കമായി മാറിയ ഹൈദരാബാദുകാരിക്ക് റിയോയില്‍ വെങ്കലത്തിളക്കം. ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തിലാണ് ചൈനീസ് താരം ഹി ബിന്‍ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ച് സിന്ധു ടോക്യോയില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 21-13, 21-15

തുടര്‍ച്ചയായി ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സിന്ധു. വെങ്കല ജേതാവിനെ തിരഞ്ഞെടുക്കാന്‍ നടന്ന പോരാട്ടത്തില്‍ രണ്ടു ഗെയിമുകളും അനായാസമാണ് സിന്ധു സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ ചൈനീസ് താരം ശക്തമായി തിരിച്ചുവന്നെങ്കിലും സിന്ധുവിനു വെല്ലുവിളിയുയര്‍ത്താനായില്ല. 

തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സ് ഫൈനലെന്ന പ്രതീക്ഷയുമായി ടോക്യോയിലെത്തിയ പിവി സിന്ധുവിന് പക്ഷെ സെമി പോരാട്ടത്തില്‍ കാലിടറിയിരുന്നു. ഏകപക്ഷീയ പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനുമുന്‍പിലാണ് ഹൈദരാബാദുകാരി അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ പൊരുതിനോക്കിയ സിന്ധുവിനെ തായ് സു യിങ് രണ്ടാം ഗെയിമില്‍ നിലംപരിശാക്കുകയായിരുന്നു. റിയോ ഒളിംപിക്‌സില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് കൃത്യമായി കണക്കുതീര്‍ത്തായിരുന്നു യിങ്ങിന്റെ വിജയം.

No comments