നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആർ.ഒ കാർഗോ തടഞ്ഞ സംഭവം; 50 പേർക്കെതിരെ കേസ്
തുമ്പ വി.എസ്.എസ്.സിയിലേക്ക് വന്ന കാര്‍ഗോ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞതില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. അതേസമയം സംഭവുമായി ബന്ധമില്ലെന്ന് സി.ഐ.ടി.യു അവകാശപ്പെട്ടു.
128 ടണ്ണിലേറെ ഭാരമുള്ള ഉപകരണങ്ങള്‍. യന്ത്രസഹായത്തോടെയല്ലാതെ ഇറക്കുക മനുഷ്യസാധ്യമല്ല. അതില്‍ സഹായിക്കാന്‍ വേണ്ടത് പരിശീലനം ലഭിച്ച മൂന്ന് തൊഴിലാളികള്‍ മാത്രം. എന്നിട്ടും കാര്‍ഗോ ഇറക്കാന്‍ അനുവദിക്കണമെന്നും ഇല്ലങ്കില്‍ പത്ത് ലക്ഷത്തോളം രൂപ കൂലി തരണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം നാട്ടുകാര്‍ കാര്‍ഗോ തടഞ്ഞത്. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചു. ഇതിലാണ് തുമ്പ പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരല്‍, ഔദ്യോഗിക വാഹനം തടയല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മുംബൈയില്‍ നിന്ന് കൊല്ലം വരെ കപ്പലിലും പിന്നീട് ദിവസങ്ങളെടുത്ത് റോഡിലൂടെയും സഞ്ചരിച്ചാണ് വിന്‍ഡ് ടണല്‍ പദ്ധതിക്കായുള്ള ഉപകരണങ്ങളടങ്ങിയ കാര്‍ഗോ എത്തിയത്. വി.എസ്.എസ്.സിയിലേക്ക് കയറുന്ന ഗേറ്റിന് മുന്‍പിലാണ് തടഞ്ഞത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയതോടെ പൊലീസ് എത്തിയാണ് കാര്‍ഗോ കടത്തിവിട്ടത്. അതേസമയം കാര്‍ഗോ തടഞ്ഞതിലും നോക്കുകൂലി ആവശ്യപ്പെട്ടതിലും സി.ഐ.ടിയു തൊഴിലാളികളില്ലെന്നും നാട്ടുകാരെന്ന് അവകാശപ്പെടുന്ന സ്വതന്ത്ര യൂണിയന്‍കാരാണ് അതിക്രമം കാട്ടിയതെന്നുമാണ് സി.ഐ.ടി.യു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

No comments