Breaking News

ഓള്‍ഡ് ട്രഫോര്‍ഡ് നിന്നുകത്തും! രണ്ടാം അവതാരത്തിന് സിആര്‍7; യുണൈറ്റഡ് ഇന്നിറങ്ങുന്നു


ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുളള തിരിച്ചുവരവില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തുടങ്ങുന്ന മത്സരത്തിൽ ന്യൂകാസില്‍ യുണൈറ്റഡ് ആണ് എതിരാളികള്‍.

അന്താരാഷ്‌ട്ര ഫുട്ബോളിന്റെ ഇടവേളയ്‌ക്ക് ശേഷം ക്ലബ് പോരാട്ടങ്ങൾ പുനരാരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും ഓൾഡ് ട്രഫോർഡിലേക്ക് നീളുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും തലവര മാറ്റാനാണ് 36-ാം വയസില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാംവരവ്. 

മുന്നേറ്റനിരയിൽ ഏഴാം നമ്പർ കുപ്പായത്തിൽ തിരിച്ചെത്തുന്ന റൊണാൾഡോയ്‌ക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ്, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, പോൾ പോഗ്‌ബ എന്നിവ‍ർ കൂടി ചേരുമ്പോൾ ന്യൂകാസിൽ യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. 2003 മുതൽ 2009 വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ 292 കളിയിൽ 118 ഗോൾ നേടിയിരുന്നു. യുണൈറ്റഡ് നേടിയത് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ എട്ട് ട്രോഫികൾ. ആ നല്ലകാലത്തേക്ക് റൊണാൾഡോ വീണ്ടും യുണൈറ്റഡിനെ കൂട്ടിക്കൊണ്ട് പോകും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധക‍ർ. 

No comments