Breaking News

'ഗ്രാമീണമേഖല ഓണ്‍ലൈന്‍ ക്ലാസിന് പുറത്ത്'; കൊവിഡ് രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചെന്ന് പഠനം


കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയും, അടച്ചിടലും, ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചെന്ന് പഠനം. കൊവിഡ് മാഹാമാരി സ്‌ക്കൂളുകള്‍ വെറും ഓണ്‍ലൈന്‍ ക്ലാസുകളാക്കി ഒതുക്കിയപ്പോള്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ മുപ്പത്തേഴ് ശതമാനം വിദ്യാര്‍ഥികള്‍ കൊവിഡ് കാലത്ത് പഠനത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത് പോവുന്ന സ്ഥിതിയാണ് ഉള്ളതെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞരായ ജീന്‍ ഡ്രീസ്, റീഥിക ഖേര, വിപുല്‍ പെയ്ക്കര എന്നിവരാണ് കൊവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ പ്രതിഫലനത്തെ കുറിച്ച് സമഗ്രമായ പഠനം നടത്തിയത്. പതിനഞ്ചുസംസ്ഥാനങ്ങളിലായി ഒന്നാം ക്ലാസു മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളിലാണ് പഠനം നടന്നത്.

നഗരങ്ങളില്‍ 24 ശതമാനം വിദ്യാര്‍ഥികള്‍ സ്ഥിരമായി ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ ഗ്രാമീണ മേഖലയില്‍ അത് വെറും എട്ടു ശതമാനം മാത്രമാണെന്ന് സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു. മുപ്പത്തേഴ് ശതമാനം വിദ്യാര്‍ഥികള്‍ പഠനത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താണെന്നും സര്‍വ്വെ സൂചിപ്പിക്കുന്നു. ആഗസ്തില്‍ നടത്തപ്പെട്ട സര്‍വ്വെയില്‍ 1400 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ബംഗാള്‍, ബിഹാര്‍, അസം, തമിഴ്‌നാട്, ഡല്‍ഹി എന്നിവയും സര്‍വ്വെ നടന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് പ്രകാരം ഗ്രാമീണമേഖലയില്‍ അറുപതുശതമാനം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ സ്ഥിരമായി ഹാജരാകുന്നില്ലെന്നാണ് വ്യക്തമാക്കുന്നു. ഇതില്‍ 60 ശതമാനം ആദിവാസി ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നതും വിദ്യാഭ്യാസ രംഗത്തെ ഖേദകരമായ അവസ്ഥയാണെന്ന് സര്‍വ്വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്മാര്‍ട്ട് ഫോണുകളുടെ അഭാവമാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പുറത്തുപോകുന്നതിന് പ്രധാന കാരണം. നഗരമേഖയില്‍ 31 ശതമാനം പേര്‍ക്കും ഗ്രാമീണ മേഖലയില്‍ 15 ശതമാനം പേര്‍ക്കും മാത്രമാണ് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ലഭിക്കുന്നതെന്നാണ് സര്‍വ്വെ പറയുന്നു. ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതും കുട്ടികളുടെ പുറത്ത് പോവലിന് ഇടയാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ മുതിര്‍ന്നവര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് മറ്റൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓണ്‍ലൈന്‍ കാലത്ത് വിദ്യാഭ്യാസ നിലവാരവും കുറഞ്ഞുവരുന്നതായും സര്‍വെ ചൂണ്ടിക്കാട്ടുന്നു. രണ്ടാം ക്ലാസിലെ പാഠ പുസ്തകങ്ങള്‍ വായിക്കാന്‍ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികളില്‍ പകുതി പേര്‍ക്ക് മാത്രമാണ് സാധിക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു. ലോക്ക്ഡൗണില്‍ കുട്ടികളുടെ പഠന മികവില്‍ വലിയ തോതില്‍ കുറവുവന്നതായി രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന ക്ലാസുകളിലേക്ക് ഒന്നിച്ച് സ്ഥാനക്കയറ്റം കൊടുക്കുന്നതും വിദ്യാര്‍ഥികളുടെ പഠന മികവില്‍ കുറവുവരുത്താന്‍ ഒരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊവിഡ് മഹാമാരിക്കിടെ വിദ്യാഭ്യാസ രംഗത്തുവന്ന മറ്റൊരു പ്രധാന മാറ്റം സ്വകാര്യ സ്‌ക്കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌ക്കൂളുകളിലേക്ക് കുട്ടികള്‍ പഠനം മാറ്റുന്നതാണ്. കഴിഞ്ഞവര്‍ഷം സ്വകാര്യ സ്‌ക്കൂളില്‍ പഠിച്ചിരുന്ന പല വിദ്യാര്‍ഥികളും ഈ വര്‍ഷം ആഗസ്തില്‍ നടത്തിയ സര്‍വ്വെയില്‍ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

No comments