രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി; ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ
ഓവൽ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ആദ്യ ഇന്നിംഗ്സിൽ 99 റൺസിന്‍റെ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ മൂന്നിന് 254 റൺസ് എന്ന മികച്ച നിലയിലാണ് ഇന്ത്യ. വിദേശത്ത് ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. 53 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് രോഹിതിനൊപ്പം മികച്ച പാർട്ണർഷിപ് ഉയർത്തി. 45 റൺസെടുത്ത കെ എൽ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 232 പന്ത് നേരിട്ട രോഹിത് ശർമ്മ 13 ഫോറും ഒരു സിക്സറും ഉൾപ്പടെ 111 റൺസെടുത്തിട്ടുണ്ട്. 13 റൺസെടുത്ത കോലിയും, അഞ്ച് റൺസെടുത്ത ജഡേജയും ക്രീസിൽ ഉണ്ട്.
നേരത്തെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. 46 റൺസെടുത്ത രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. ജെയിംസ് ആൻഡേഴ്സണിന്‍റെ പന്തിൽ ബെയർസ്റ്റോ പിടിച്ചാണ് രാഹുൽ പുറത്തായത്. രാഹുലും രോഹിത് ശർമ്മയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 83 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ പൂജാരയുമൊത്ത് രോഹിത് ഇതുവരെ 129 റൺസ് കൂട്ടുച്ചേർത്തിട്ടുണ്ട്.
അതേസമയം രോഹിതിന്റെ ആദ്യ വിദേശ സെഞ്ചുറിയായിരുന്നു ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയത്. നേരത്തേ അദ്ദേഹം ഒരു ഓപ്പണറായി 11,000 റൺസ് എന്ന നേട്ടം മറികടന്നിരുന്നു. വെള്ളിയാഴ്ച ഓവലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസ് നേട്ടവും കൈവരിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറുകയും ചെയ്തു. ഈ പട്ടികയിൽ സച്ചിൻ ടെൻഡുൽക്കറാണ് 34,357 റൺസുമായി ഏറ്റവും മുന്നിൽ.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ കുറിച്ച 290 റൺസിന് മറുപടിയായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനത്തിലെ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലായിരുന്നു. ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ആറാം വിക്കറ്റിൽ ഒലി പോപ്പും ബെയർസ്റ്റോയും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചതാണ് തിരിച്ചടിയായത്. പരമ്പരയിൽ ആദ്യമായി ലഭിച്ച അവസരം മുതലാക്കിയ പോപ്പ് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. താരത്തിന് മികച്ച പിന്തുണ നൽകി ബെയർസ്റ്റോയും നിന്നതോടെ ഇംഗ്ലണ്ട് സ്കോർബോർഡ് മുന്നോട്ട് ചലിച്ചു. ഒടുവില്‍ ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസാണ് നേടിയത്. 77 പന്തിൽ 37 റൺസുമായാണ് ബെയർസ്‌റ്റോ പുറത്തായത്.
ബെയര്‍സ്റ്റോ മടങ്ങിയശേഷം മൊയീന്‍ അലിയെയും ക്രിസ് വോക്സിനെയും കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന പോപ്പ് ഇംഗ്ലണ്ടിനെ 250ല്‍ എത്തിച്ചാണ് മടങ്ങിയത്. പോപ്പ് മടങ്ങിയശേഷം തകര്‍ത്തടിച്ച വോക്സ് ഇംഗ്ലണ്ടിന്‍റെ ലീഡ് 100ന് അടുത്തെത്തിച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വോക്സ് റണ്ണൗട്ടയാതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം 60 പന്തിൽ നിന്നും 50 റൺസ് നേടി. ജെയിംസ് ആൻഡേഴ്സൺ (1) പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ബൗളിങ്ങിൽ ഉമേഷ് യാദവ് മൂന്ന്, ജഡേജ, ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

No comments