കോപ്പ അമേരിക്കയിലെ തോൽവിക്ക് കണക്ക് വീട്ടാൻ ബ്രസീൽ, ജയം തുടരാൻ അർജന്റീന; ക്ലാസിക് പോരാട്ടം നാളെ
ലോകകപ്പ് ഫുട്‍ബോൾ യോഗ്യത പോരാട്ടത്തിൽ നാളെ വമ്പൻ പോരാട്ടം. ലാറ്റിനമേരിക്കൻ റൗണ്ട് യോഗ്യതാ പോരാട്ടത്തിൽ ചിരവൈരികളായ ബ്രസീലും അർജന്റീനയും നാളെ മത്സരിക്കാൻ ഇറങ്ങുന്നു. ബ്രസീലിലെ കൊറിന്ത്യന്‍സ് അരീനയിൽ ഇരുവരും നേർക്കുനേർ എത്തുമ്പോൾ ഒരുങ്ങുന്നത് അടുത്തിടെ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവർത്തനം കൂടിയാണ്. കോപ്പയിലെ ഫൈനലിന് ശേഷം ഇരുവരും നേർക്കുനേർ വരുന്ന ആദ്യത്തെ മത്സരം കൂടിയാണിത്.
മാറക്കാനയിൽ നടന്ന ഫൈനലിൽ ഡി മരിയ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം ചൂടിയത്. അന്നത്തെ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ ഉറച്ച് ബ്രസീൽ ഇറങ്ങുമ്പോൾ മറുവശത്ത് ജയം തുടരാൻ തന്നെയാകും അർജന്റീനയും ലക്ഷ്യമിടുന്നത്. ഇരുവർക്കും മത്സരം അഭിമാന പോരാട്ടം ആണെന്നതിനാൽ മത്സരം ആവേശകരമായിരിക്കും.
അവസാനം നടന്ന മത്സരങ്ങൾ ജയിച്ചാണ് ബ്രസീലും അർജന്റീനയും ഈ മത്സരത്തിനിറങ്ങുന്നത്. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തകർത്തപ്പോൾ ബ്രസീല്‍ ഒറ്റ ഗോളിന് ചിലെയെ മറികടന്നാണ് വരുന്നത്.
അർജന്റീനയ്ക്കായി പ്രധാന താരങ്ങൾ എല്ലാവരും അണിനിരക്കുന്നുണ്ട്. അതേസമയം പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളെ കൂടാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. ബാഴ്‌സലോണ വിട്ട് പി എസ് ജിയിൽ എത്തി സഹതാരങ്ങൾ ആയതിന് ശേഷം മെസ്സിയും നെയ്മറും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും നാളെ നടക്കുന്ന ബ്രസീൽ അർജന്റീന പോരാട്ടത്തിനുണ്ട്. ഇരുവരും അവസാനം ഏറ്റുമുട്ടിയത് അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലിലായിരുന്നു.

No comments