Breaking News

അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്താന്‍; ശ്രീലങ്കയെ കീഴടക്കി സെമിയില്‍

 അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്താന്‍; ശ്രീലങ്കയെ കീഴടക്കി സെമിയില്‍



ആന്റിഗ്വ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ചരിത്രം കുറിച്ചുകൊണ്ട് അഫ്ഗാനിസ്താൻ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയാണ് അഫ്ഗാൻ സെമി ബെർത്തുറപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ നാല് റൺസിനാണ് അഫ്ഗാന്റെ വിജയം. സ്കോർ: അഫ്ഗാനിസ്താൻ 47.1 ഓവറിൽ 134 ന് ഓൾ ഔട്ട്. ശ്രീലങ്ക 46 ഓവറിൽ 130 ന് ഓൾ ഔട്ട്.

ഇതാദ്യമായാണ് അഫ്ഗാനിസ്താൻ ഐ.സി.സിയുടെ ഒരു പ്രധാന ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. സീനിയർ ടീമിന് പോലും നേടാൻ സാധിക്കാതെ പോയ വലിയ നേട്ടമാണ് അണ്ടർ 19 അഫ്ഗാൻ ടീം സ്വന്തമാക്കിയത്. 2022 അണ്ടർ 19 ലോകകപ്പിന്റെ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാണ് അഫ്ഗാൻ. ഇംഗ്ലണ്ട് നേരത്തേ സെമി ഫൈനലിലെത്തിയിട്ടുണ്ട്. ആദ്യ സെമിയിൽ ഇംഗ്ലണ്ടും അഫ്ഗാനും കൊമ്പുകോർക്കും.

ചെറിയ സ്കോർ മാത്രം പിറന്ന മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 135 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക വെറും 130 റൺസിന് ഓൾ ഔട്ടായി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്.

അഫ്ഗാനെ 47.1 ഓവറിൽ വെറും 134 റൺസിൽ ഓൾ ഔട്ടാക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചു. 9.1 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്ത വിനുജ റാൻപോളാണ് അഫ്ഗാന്റെ നടുവൊടിച്ചത്. നായകൻ വെല്ലാലാഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റൺസെടുത്ത അബ്ദുൾ ഹാദിയും 30 റൺസെടുത്ത നൂർ അഹമ്മദും മാത്രമാണ് അഫ്ഗാൻ നിരയിൽ പിടിച്ചുനിന്നത്.

135 റൺസെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ് അഫ്ഗാൻ ബൗളർമാർ സമ്മാനിച്ചത്. എല്ലാ ബൗളർമാരും നന്നായി പന്തെറിയാൻ തുടങ്ങിയതോടെ ശ്രീലങ്ക വിയർത്തു. 34 റൺസെടുത്ത നായകൻ വെല്ലാലാഗെ മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി പിടിച്ചുനിന്നത്. പന്തുകൾ ബാക്കിയുണ്ടായിട്ടും ശ്രീലങ്കയ്ക്ക് വിജയം നേടാനായില്ല. അശ്രദ്ധ മൂലം മൂന്ന് താരങ്ങൾ റൺ ഔട്ടാകുകയും ചെയ്തു. അഫ്ഗാനുവേണ്ടി ബിലാൽ സമി രണ്ട് വിക്കറ്റെടുത്തപ്പോൾ നവീദ് സദ്രാൻ, നൂർ അഹമ്മദ്, ഇസാറുൾ ഹഖ്, നംഗേയലിക്ക ഖറോട്ടെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

No comments