'സർവീസിൽ തുടരുന്നുണ്ടെങ്കിൽ തിരികെ കയറണം, ഇല്ലെങ്കിൽ പിരിച്ച് വിടും'; അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അന്ത്യശാസനം
'സർവീസിൽ തുടരുന്നുണ്ടെങ്കിൽ തിരികെ കയറണം, ഇല്ലെങ്കിൽ പിരിച്ച് വിടും'; അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അന്ത്യശാസനം
സംസ്ഥാനത്ത് സർവീസിൽനിന്ന് അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അന്ത്യശാസനം നൽകി ആരോഗ്യവകുപ്പ്. ജൂൺ 6ന് വൈകിട്ട് അഞ്ചു മണിക്കു മുൻപ് സർവീസിൽ തിരിച്ച് കയറണം എന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം. നിർദേശം പാലിക്കാത്ത ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയറ്റിപ്പ് നൽകി.
അനധികൃതമായി അവധിയിലുള്ളവരുടെ കണക്കുകൾ 5 ദിവസത്തിനകം നൽകണമെന്ന് ആരോഗ്യ ഡയറക്‌ടറോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന പകർച്ചവ്യാധികളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അനധികൃതമായി സർവീസിൽനിന്ന് വിട്ടുനിൽക്കുന്നത്. സർവീസിൽ തിരികെ പ്രവേശിക്കാൻ താൽപര്യമുള്ളവർ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് പൊതു അറിയിപ്പ് നൽകാൻ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പല സ്‌ഥലത്തും ഡോക്ടർമാരും ജീവനക്കാരും ഇല്ലെന്ന വിവരം ലഭിച്ചത്. അധികച്ചുമതല നൽകി ജോലികൾ നിറവേറ്റുകയാണിപ്പോൾ. മഴക്കാലത്തു സ്ഥിതി മോശമാകാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും അവധിയിലുള്ളവർ ജോലിയിൽ പ്രവേശിക്കുന്നില്ല. ഡോക്ടർമാർക്ക് ശമ്പളമില്ലാത്ത അവധി നൽകുന്ന രീതി വർഷങ്ങൾക്കു മുൻപു നിർത്തലാക്കിയിരുന്നു. നഴ്‌സിങ്, പാരാ മെഡിക്കൽ ഉൾപ്പെടെയുള്ള സകല ജീവനക്കാർക്കും പരമാവധി 5 വർഷമാണു ശമ്പളമില്ലാത്ത അവധി ഉള്ളത്. പലരും അവധി എടുത്തു പോയിട്ട് സർവീസിൽ തിരികെ പ്രവേശിച്ചിട്ടില്ല.

No comments