Breaking News

മുസ്‍ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം: ബുള്ളി ബായ് ആപ്പ് നിർമിച്ചയാൾ അറസ്റ്റിൽ നീരജ് ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്


മുസ്‍ലിം സ്ത്രീകളെ വില്‍പ്പനയ്ക്കുവെച്ച ബുള്ളി ബായ് ആപ്പ് നിർമിച്ചയാൾ അറസ്റ്റിൽ. നീരജ് ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. അസമില്‍ നിന്നാണ് നീരജ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തത്. ഇയാളാണ് ആപ്പിനു പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് നിലവിലെ കണ്ടെത്തല്‍.

ഈ വര്‍ഷം ജനുവരി ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്‌ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം പുറത്തറിഞ്ഞത്. മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് ഈ വിദ്വേഷ ക്യാമ്പയിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. നടി ഷബാന ആസ്മി, ജെഎന്‍യു ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ ഉമ്മ ഫാത്തിമ നഫീസ, എഴുത്തുകാരി റാണ സഫ്‌വി, മാധ്യമപ്രവർത്തക സബാ നഖ്‌വി, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ ലേലം വിളിച്ചത്.

വിശാൽ കുമാര്‍ ഝാ എന്ന 21കാരനായ എഞ്ചിനീയറിങ് വിദ്യാർഥിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ശ്വേത സിങ് എന്ന 18കാരിയായ ഉത്തരാഖണ്ഡ് സ്വദേശിനിയും മായങ്ക് റാവല്‍ എന്ന 21കാരനായ വിദ്യാര്‍ഥിയും പിന്നാലെ അറസ്റ്റിലായി. മാതാപിതാക്കള്‍ മരിച്ചുപോയ ശ്വേത പണത്തിനു വേണ്ടിയാണ് ഈ കുറ്റകൃത്യം ചെയ്തതെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് പറയുന്നത്. എങ്കില്‍ ആരു പണം നല്‍കി, ആരുടെ നിര്‍ദേശപ്രകാരം ആപ്പ് ഡെവലപ്പ് ചെയ്തു തുടങ്ങിയ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. സംഭവത്തിനു പിന്നില്‍ വലിയ നെറ്റ്‍വര്‍ക്കുണ്ടെന്നും എല്ലാവരെയും പിടികൂടുമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീല്‍ പറയുകയുണ്ടായി. 

No comments