രാജ്യത്ത് കോവിഡ് മൂന്നാംതരംഗം അതിരൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം 1.4 ലക്ഷം
രാജ്യത്ത് കോവിഡ് മൂന്നാംതരംഗം അതിരൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം 1.4 ലക്ഷം
കൂടുതൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗികളിൽ 21 ശതമാനം വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 1,41,986 പുതിയ കോവിഡ് രോഗികളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയേക്കും. സമ്പൂർണ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച യോഗം ചേരും.
കോവിഡ് കേസുകളുടെ എണ്ണത്തിലും അതിന്റെ വകഭേദമായ ഒമൈക്രോണിലും വർധനവ് ഉണ്ടായതോടെ ഡൽഹിയിൽ വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി.
മുംബൈയിൽ ഇന്നലെ 20,971 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്നാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചത്. ആറ് പേരാണ് കഴിഞ്ഞ ദിവസം മുംബൈയിൽ മരിച്ചത്.
ഫെബ്രുവരി മാസത്തോടെ ഇന്ത്യയിൽ മൂന്നാം തരംഗം രൂക്ഷമാകുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് & ഇവാലുവേഷൻ ഡയറക്ടർ ഡോ ക്രിസ്റ്റഫർ മുറെ നൽകുന്ന മുന്നറിയിപ്പ്. ഈ സമയത്ത് പ്രതിദിനം ഏകദേശം 5 ലക്ഷം കോവിഡ‍് കേസുകൾ വരെ റിപ്പോർട്ട് ചെയ്യാം. കോവിഡ് വകഭേദമായ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ തീവ്രത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തു നിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇന്നലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തണം. പുതിയ നിയന്ത്രണം ജനുവരി 11 മുതൽ നിലവിൽ വരും.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ നിലനിർത്തിയിരിക്കുന്ന നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ സാമ്പിളുകൾ സമർപ്പിക്കണം. യാത്ര പുറപ്പെടുന്നതിനു മുമ്പ് വിമാനത്താവളത്തിൽ ഫലം കാത്തിരിക്കണം. പോസിറ്റീവ് ആകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കിൽ ഏഴ് ദിവസത്തെ ഹോം ക്വാറന്റീൻ മതിയാകും. ഇതിനു ശേഷം ആർടിപിസിആർ പരിശോധന നടത്തണം.
No comments