Breaking News

യുഎഇയില്‍ ഇന്ന് അവധിയില്ലാത്ത ആദ്യ വെള്ളിയാഴ്‍ച; ഓഫീസുകള്‍ സജീവം


ദുബൈ: യുഎഇയില്‍ പ്രവൃത്തി ദിനമായി മാറിയ ആദ്യ വെള്ളിയാഴ്‍ച ഓഫീസുകളെല്ലാം സജീവമായിരുന്നു. ആഴ്‍ചയിലെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം നാലര ദിവസമാക്കി കുറച്ച് യുഎഇ ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ തൊഴിലാളികളും പുതിയ രീതിയെ സ്വാഗതം ചെയ്യുകയാണ്. ഓഫീസുകളിലും സേവന കേന്ദ്രങ്ങളിലും സാധാരണ പ്രവൃത്തി ദിവസത്തേതിന് സമാനമായ തിരക്കുമുണ്ടായിരുന്നു.

തൊഴില്‍ - ജീവിത സന്തുലിതത്വം വര്‍ദ്ധിപ്പിക്കുക, അവധികളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഉത്പാദനക്ഷമത കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി രണ്ടര ദിവസമാക്കിയത്. ഇനി മുതല്‍ വെള്ളിയാഴ്‍ച ഉച്ച മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ ഇതാദ്യമായാണ് വെള്ളിയാഴ്‍ച പ്രവൃത്തി ദിനമായി മാറുന്നത്.

സാധാരണ ദിവസങ്ങളില്‍ പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ ഉച്ചയ്‍ക്ക് ശേഷം 3.30 വരെയാണെങ്കില്‍ വെള്ളിയാഴ്ച രാവിലെ 7.30ന് ആരംഭിക്കുന്ന ഓഫീസുകള്‍ 12ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. ഷാര്‍ജ ഒഴികെ രാജ്യത്തുടനീളം ജുമുഅ നമസ്‍കാരം 1.15ന് ആക്കി ക്രമീകരിച്ചിട്ടുണ്ട്. ലോകത്തുതന്നെ ഇത്തരത്തില്‍ പ്രതിവാര പ്രവൃത്തി ദിനം അഞ്ച് ദിവസത്തില്‍ താഴെയാക്കി കുറയ്‍ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ. ഡിസംബര്‍ ഏഴാനാണ് യുഎഇ പുതിയ വാരാന്ത്യ അവധി ദിനങ്ങളിലേക്ക് മാറുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അതേസമയം ഷാര്‍ജയില്‍ വെള്ളിയാഴ്‍ച പൂര്‍ണമായും അവധിയാണ്. അവിടെ ആഴ്‍ചയില്‍ നാല് പ്രവൃത്തി ദിനങ്ങളും മൂന്ന് അവധി ദിനങ്ങളുമായിരിക്കും ഉണ്ടാവുക. വെള്ളിയാഴ്‍ച പ്രവൃത്തി ദിനമായ എമിറേറ്റുകളില്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് വെള്ളിയാഴ്‍ചകളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ നിശ്ചിത ശതമാനം ജീവനക്കാര്‍ ഓഫീസുകളിലുണ്ടാവണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങുകയും വേണം.

ജീവനക്കാര്‍ക്ക് അവരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ തീരുമാനമെന്നും അത് അവരുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ സഹായകമാവുമെന്നും യുഎഇ ഗവണ്‍മെന്റ് മീഡിയാ ഓഫീസ് കഴിഞ്ഞ മാസം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു. ശനിയും ഞായറും അവധി ദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പുതിയ തീരുമാനത്തിലൂടെ  കൂടുതല്‍ സുഗമമാവും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ബഹുരാഷ്‍ട്ര കമ്പനികള്‍ക്ക് കൂടുതല്‍ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും ഇതിലൂടെ കൈവരുകയും ചെയ്യുമെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചു.

No comments