Breaking News

നീറ്റ് പി.ജി കൗണ്‍സിലിംഗ്; ഒ.ബി.സി, സാമ്പത്തിക സംവരണത്തിനുള്ള സര്‍ക്കാര്‍ മാനദണ്ഡം സുപ്രീംകോടതി അംഗീകരിച്ചു; ഉത്തരവ് ഇടക്കാലത്തേക്ക്


ന്യൂദല്‍ഹി: നീറ്റ് പി.ജി കൗണ്‍സിലിങ്ങിനുള്ള ഒ.ബി.സി സംവരണവും, സാമ്പത്തിക സംവരണവും സംബന്ധിച്ച സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ആണ് വിധി പുറപ്പെടുവിച്ചത്.

2022ലെ നീറ്റ് പി.ജി കൗണ്‍സിലിങ്ങിന് താല്‍ക്കാലിക ഉത്തരവ് അനിവാര്യമായി വന്നതോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ അംഗീകരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ വിജ്ഞാപന പ്രകാരമായിരിക്കും നീറ്റ് പി.ജി അഡ്മിഷന് വേണ്ടിയുള്ള 2022ലെ കൗണ്‍സിലിംഗ് നടത്തുക.

നീറ്റ് കൗണ്‍സിലിങ്ങിനായി ഒ.ബി.സി സംവരണം, സാമ്പത്തിക സംവരണം എന്നിവ സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ കോടതി.

നേരത്തെ സാമ്പത്തിക സംവരണം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം ഒ.ബി.സി സംവരണത്തിനും സാമ്പത്തിക സംവരണത്തിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും പിന്നീട് പാണ്ഡെ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്ന സൂചനയും കോടതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി നീറ്റ്-പി.ജി കൗണ്‍സിലിംഗ് സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു.

നീറ്റ് പി.ജിക്ക് നേരത്തെ അഖിലേന്ത്യാ കോട്ടയില്‍ സാമ്പത്തിക-ഒ.ബി.സി സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജികള്‍ വന്നിരുന്നു.

എന്നാല്‍ സാമ്പത്തിക സംവരണത്തില്‍ വരുമാന പരിധി എട്ട് ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷമാക്കി കുറക്കണം, പ്രവേശന പരീക്ഷ നടത്തിയ ശേഷം സംവരണചട്ടങ്ങള്‍ മാറ്റി എന്നിങ്ങനെ ഹരജിയില്‍ ഉയര്‍ത്തിയ വാദങ്ങള്‍ തല്‍ക്കാലത്തേക്ക് കോടതി പരിഗണിക്കില്ല.

ഒ.ബി.സി സംവരണത്തിന്റെ അതേ ക്രീമിലെയര്‍ പരിധി സാമ്പത്തിക സംവരണത്തിനും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതില്‍ എന്ത് പഠനം നടത്തി എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പാണ്ഡെ കമ്മിറ്റി രൂപീകരിച്ചത്.

നീറ്റ് പി.ജി പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് നടത്താത്തതിനെത്തുടര്‍ന്ന് ഒരുപാട് ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചിരുന്നു.

No comments